Mon. Dec 23rd, 2024
കോട്ടയം:

പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു എന്ന് രാജപ്പൻ പറയുന്നു. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി.

ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ്പിക്ക് പരാതി നൽകി. പരാതി ഡിവൈഎസ്പി അന്വേഷിക്കുമെന്ന് കോട്ടയം എസ്പി ഡി ശിൽപ പറഞ്ഞു.

പണം അക്കൗണ്ടിൽ നിന്നെടുത്തത് രാജപ്പന് വീട് വച്ച് നൽകാനാണെന്നാണ് സഹോദരിയുടെ വാദം. എന്നാൽ, പണമെടുത്ത് ആറ് മാസം കഴിഞ്ഞിട്ടും വീട് നിർമ്മാണത്തിനുള്ള നടപടിയൊന്നും തുടങ്ങിയിട്ടില്ല.

നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയിട്ടും രാജപ്പന് വീട് വച്ച് നല്‍കാൻ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. തനിക്ക് ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് രാജപ്പൻ പറഞ്ഞു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പൻ വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.

By Divya