Fri. Nov 22nd, 2024
ഹൈദരാബാദ്​:

രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രെയിനേജ് പൈപ്പ്ലൈനിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റു രണ്ടുപേരെ വിമാനത്താവളത്തിലെ ആശുപത്രിയിലേക്ക്​ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.

വിമാനത്താവളത്തിലെ പൈപ്പ്​ ലൈനിലെ ചോർച്ച പരിഹരിക്കാൻ വന്ന പ്ലംബർ നരസിംഹ റെഡ്ഡി (42) ആണ്​ മരിച്ചത്​. സീലിങ്ങിന്​ മുകളിലെ പൈപ്പാണ്​ പൊട്ടിയത്​. ഇതിന്​ മുകളിലേക്ക്​ മൂവരും ​കോവണി ഉപയോഗിച്ചാണ്​​ കയറിയത്​.

തുടർന്ന്​ ചോർച്ചയുള്ള ഭാഗത്ത്​ ആസിഡ്​ ഒഴിച്ചു. ഇതിനെ തുടർന്നുണ്ടായ പുക​ ശ്വസിച്ചതോടെ ഇവർക്ക്​ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലുമ നരസിംഹ റെഡ്ഡിയെ രക്ഷിക്കാനായില്ലെന്ന്​ ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രകാശ് റെഡ്ഡി പറഞ്ഞു.

മറ്റ് രണ്ട് പേർ സുരക്ഷിതരാണ്. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ഫേബർ സിന്ദൂരി ഫെസിലിറ്റി മാനേജ്‌മെൻറ്​ സർവിസസിൽ ജോലി ചെയ്യുകയായിരുന്നു നരസിംഹ റെഡ്ഡി. കമ്പനിക്കെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന്​ ഐപിസി 304 എ വകുപ്പ്​ പ്രകാരം കേസെടുത്തിട്ടുണ്ട്​.

By Divya