Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ പോരാളികളെ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവർക്കായുള്ള കസ്​റ്റമൈസ്​ഡ്​ ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘വരാനിരിക്കുന്ന വെല്ലുവിളികൾക്കായി ഇപ്പോൾ തന്നെ തയ്യാറാകണം. ഇതിൻെറ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുൻനിര കൊറോണ വാരിയേഴ്​സിനെയാണ്​ ഒരുക്കുന്നത്​. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ്​ യുവാക്കളെ പരിശീലിപ്പിക്കുന്നത്​. കോഴ്‌സ് മൂന്ന്​ മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതുവഴി ഇവർക്ക്​ ജോലി ലഭ്യമാകും’ -പ്രധാനമന്ത്രി പറഞ്ഞു.

ക്രാഷ് കോഴ്‌സ് പരിപാടി കൊവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് പുതിയ ഊർജം നൽകുമെന്ന് മാത്രമല്ല, യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രത്യേക പരിശീലന പരിപാടി തികച്ചും സൗജന്യമാണ്​​. സർട്ടിഫിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം, സ്​റ്റൈപ്പൻഡ്​, ഇൻഷുറൻസ് എന്നിവ ഇതിൽ പ​ങ്കെടുക്കുന്നവർക്ക്​ ലഭിക്കും.

ജൂൺ 21 മുതൽ 45 വയസ്സിന്​ മുകളിലുള്ളവരുടേതിന്​ സമാനമായ രീതിയിൽ മറ്റുള്ളവർക്കും വാക്​സിൻ ലഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിമാരായ മഹേന്ദ്ര നാഥ് പാണ്ഡെ, ധർമേന്ദ്ര പ്രധാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തൊട്ടാകെയുള്ള ഒരു ലക്ഷത്തിലധികം കൊവിഡ് പോരാളികളെ പരിശീലിപ്പിക്കുന്നതാണ്​ പരിപാടി. ആറ് മേഖലകളിലായിട്ടാണ്​ പരിശീലനം. ഹോം കെയർ സപ്പോർട്ട്, ബേസിക് കെയർ സപ്പോർട്ട്, അഡ്വാൻസ്​ഡ്​ കെയർ സപ്പോർട്ട്, എമർജൻസി കെയർ സപ്പോർട്ട്, സാമ്പിൾ കളക്ഷൻ സപ്പോർട്ട്, മെഡിക്കൽ എക്യുപ്‌മെൻറ്​ സപ്പോർട്ട് എന്നിവയാണ്​ ഇതിൽ ഉൾപ്പെടുക. 276 കോടി രൂപയാണ് കേ​ന്ദ്രം​ ഇതിന്​ അനുവദിച്ചിട്ടുള്ളത്.

By Divya