Sat. Jan 18th, 2025
ജറൂസലം:

ദിവസങ്ങളുടെ ഇടവേളയിൽ ഗാസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേൽ പ്രതികാരം. ഗാസ പട്ടണത്തിലെയും ബെയ്​ത്​ ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ്​ വ്യാഴാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്​. പുതിയ സർക്കാറും ആക്രമണത്തിന്‍റെ പാതയിലാണെന്നും സ്വന്തം ജനതയുടെയും വിശുദ്ധ സ്​ഥലങ്ങളുടെയും സംരക്ഷണത്തിന്​ ഏതറ്റം വരെയും പോകുമെന്നും ഹമാസ്​ വാർത്താ കുറിപ്പിൽ പറഞ്ഞു.

ആക്രമണത്തിനെത്തിയ ഒരു ഡ്രോൺ ഗസ്സ പട്ടണത്തിന്​ പടിഞ്ഞാറുഭാഗത്ത്​ തകർത്തതായി ഹമാസ്​ ഉടമസ്​ഥതയിലുള്ള അൽഅഖ്​സ ടി വി റിപ്പോർട്ട്​ ചെയ്​തു. ഇസ്രായേലിനെതിരെ ഹമാസ്​ നേതൃത്വത്തിൽ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്​. അഗ്​നി ബലൂണുകൾ തൊടുക്കുന്നത്​ തുടരുന്ന സാഹചര്യത്തിലാണ്​ ആക്രമണമെന്നാണ്​ ഇസ്രായേൽ ​വിശദീകരണം.

തുടർച്ചയായ മൂന്നാം ദിവസമാണ്​ ഇത്തരം ബലൂണുകൾ ഗസ്സയിൽനിന്ന്​ ഇസ്രായേൽ അതിർത്തി കടക്കുന്നത്​. ബുധനാഴ്ച പുലർച്ചെയും ഇസ്രായേൽ ഗാസ മുനമ്പിൽ ആക്രമണം നടത്തിയിരുന്നു. ഹമാസിന്‍റെ സൈനിക ശേഷി സമ്പൂർണമായി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്നും ഗാസയിൽ നടക്കുന്നതിന്​ ഉത്തരവാദി ഹമാസ്​ ആയിരിക്കുമെന്നും ഇസ്രായേൽ സൈന്യം വാർത്ത കുറിപ്പിൽ കുറ്റപ്പെടുത്തി.

അതിനിടെ, യു എസ്​ സ്​റ്റേറ്റ്​ സെക്രട്ടററി ആന്‍റണി ബ്ലി​ങ്കെനും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡും തമ്മിൽ സംഭാഷണം നടത്തി. കഴിഞ്ഞ മാസം ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 66കുട്ടികളുൾപെടെ 257 പേർ മരിച്ചിരുന്നു. ഇസ്രായേലിൽ രണ്ട്​ കുട്ടികളുൾപെടെ 13 പേരും ​കൊല്ലപ്പെട്ടു.

By Divya