Mon. Dec 23rd, 2024
ന്യൂഡൽഹി:

സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിര്‍ണയ രീതി സംബന്ധിച്ച് വ്യക്തത ഇന്നുണ്ടാകും . ഇതിനായി നിയോഗിച്ച 13 അംഗ മൂല്യനിര്‍ണയ സമിതിയുടെ തീരുമാനം സിബിഎസ്ഇ ഇന്ന് സുപ്രിം കോടതിയെ അറിയിക്കും. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11 ക്ലാസുകളിലെ അവസാന മാര്‍ക്കും പരിഗണിക്കാനാണ് സമിതിയുടെ നിര്‍ദേശം.

30:30:40 അനുപാതത്തില്‍ 10, 11, 12 ക്ലാസുകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാനാണ് സമിതി മുന്നോട്ടുവയ്ക്കുന്ന തീരുമാനം. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കും 10,11 ക്ലാസുകളിലെ അവസാന മാര്‍ക്കുകളുമാണ് പരിഗണിക്കുക. 12ാം ക്ലാസിലെ പ്രീ ബോര്‍ഡ് പരീക്ഷയ്ക്ക് 40% ആകും വെയ്‌റ്റേജ്. സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയിലാണ് സമിതി ഇന്ന് തീരുമാനം അറിയിക്കുക.

നിലവിലെ പരീക്ഷ റദ്ദാക്കിയെങ്കിലും മൂല്യനിര്‍ണയം സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണ് മൂല്യനിര്‍ണയ സമിതിയെ രൂപീകരിച്ചത്. ജൂണ്‍ 14നായിരുന്നു അന്തിമ റിപ്പോര്‍ട്ട് നല്‍കേണ്ടിയിരുന്നതെങ്കിലും സമിതി സമയം കൂടുതല്‍ ആവശ്യപ്പെടുകയായിരുന്നു.

മൂല്യനിര്‍ണയരീതി ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയ രീതിയില്‍ വിയോജിപ്പുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരം നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു.

By Divya