Fri. Jan 17th, 2025
കവരത്തി:

കവരത്തി ദ്വീപിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിർത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥർ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ച കൊടികൾ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികൾ നിർത്തിയത്.

വിവാദമായ ഭരണ പരിഷ്കാരങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന അഡ്മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ ഭൂമിയിലാണ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ചുവന്ന കൊടി നാട്ടിയത്. എന്തിനാണ് ഭൂമി ഏറ്റെടുക്കുന്നതെന്ന് പോലും വീട്ടുകാരെ അറിയിക്കാതെയായിരുന്നു നടപടി.

ലക്ഷ്ദ്വീപിന്‍റെ വികസനത്തിനായ വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചതാണ് ലക്ഷദ്വീപ് വികസന അതോറിറ്റി കരട് നിയമം. ഈ കരട് നിയമം അതേ പടി നടപ്പാക്കേണ്ടതുണ്ടോ എന്നതിൽ തീരുമാനം ആയിട്ടില്ല.

ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. തന്‍റെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗത പോരെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരെ അഡ്മിനിസ്ടേറ്റർ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ റവന്യു വകുപ്പ് വേഗത്തിലാക്കിയത്.

By Divya