Tue. Nov 5th, 2024
ന്യൂഡൽഹി:

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്ക് നിർണയിക്കുന്നതിനായി 10,11,12 ക്ലാസുകളിലെ മാർക്കുകൾ പരിഗണിക്കുമെന്ന് ബോർഡ് സുപ്രീംകോടതിയിൽ. വിദഗ്ദ്ധർ ഉൾപ്പെടുന്ന സമിതിയാണ് മാനദണ്ഡം തീരുമാനിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

10, 11 ക്ലാസുകളിലെ മാർക്കിന് 30 ശതമാനം വീതം വെയിറ്റേജും 12-ാം ക്ലാസിലെ പ്രകടന മികവിന് 40 ശതമാനം വെയിറ്റേജും നൽകും. 11-ാം ക്ലാസിലെ യൂണിറ്റ് പരീക്ഷ, ടേം പരീക്ഷ, പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ മാർക്കും പരിഗണിക്കും. പ്രധാന വിഷയങ്ങളിൽ കൂടുതൽ മാർക്കുള്ള മൂന്ന് വിഷയങ്ങളുടെ മാർക്കിന്റെ ശരാശരിയും പരിഗണിക്കും. ഈ മാനദണ്ഡമനുസരിച്ച് തയ്യാറാക്കുന്ന ഫലം ജൂലൈ 31നകം പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.

സ്കൂളുകള്‍ മാര്‍ക്ക് കൂട്ടിനല്‍കില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണസമിതികളെ ചുമതലപ്പെടുത്തും. ആയിരം സ്കൂളുകള്‍ക്ക് ഒരു സമിതിയാകും ഉണ്ടാവുക. രണ്ട് അധ്യാപകരും ഒരു വിദഗ്ദ്ധനും ഇതിൽ അംഗങ്ങള്‍ ആയിരിക്കും. സ്കൂളുകളുടെ പ്രകടനവും വിലയിരുത്തും. മൂല്യനിർണയം സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിന് സംവിധാനം വേണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

By Divya