Mon. Dec 23rd, 2024
ന്യൂഡൽഹി:

ട്വിറ്ററിന് ഇന്ത്യയിലെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്ര ഐടി മന്ത്രാലയം. ഐടി ഭേദഗതിനിയമം അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം നിയമം അനുസരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും താത്കാലികമായി ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റർ അവകാശപ്പെട്ടു.

കേന്ദ്ര സർക്കാർ നിശ്ചയിച്ച മാർഗരേഖ നടപ്പാക്കാനുള്ള സമയം കഴിഞ്ഞിട്ടും നിയമപ്രകാരമുള്ള നിയമനം നടത്താനോ വിവരങ്ങൾ കൈമാറാനോ ട്വിറ്റർ തയാറായിട്ടില്ല. ഇതിനെ തുടർന്നാണ് കേന്ദ്ര ഐടി മന്ത്രാലയം നിയമപരിരക്ഷ എടുത്ത് കളഞ്ഞത്.

പ്രസിദ്ധപ്പെടുത്തിയ ഉള്ളടക്കത്തിന്റെ പേരിലുള്ള വ്യവഹാരങ്ങളിൽ നിന്ന് പ്ലാറ്റ്‌ഫോമിന് നിയമപരിരക്ഷ ലഭിക്കുന്ന ‘സേഫ് ഹാർബർ’ ട്വിറ്ററിന് നഷ്ടമായി. ഓരോ പ്ലാറ്റ്‌ഫോമും ഇന്ത്യയിൽ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിക്കണമെന്നാണ് ഭേദഗതിനിയമത്തിൽ പറയുന്നു.

എന്നാൽ ഇന്നലെ താത്കാലിക ഓഫിസറെ നിയമിച്ച ട്വിറ്റർ പിന്നിട്ട് ഉദ്യോഗസ്ഥനെ സ്ഥിരപ്പെടുത്തുമെന്നാണ് അവകാശപെട്ടത്. ഇത് പക്ഷെ ഐടിമന്ത്രാലയം അംഗീകരിച്ചില്ല. മാത്രമല്ല ഐടി നിയമഭേഭഗതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ കൈമാറാൻ ട്വിറ്റർ തയാറായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു.

മറുവശത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എടുത്ത നടപടികളുടെ വിവരങ്ങൾ അതാത് സമയം ഐടിമന്ത്രാലയത്തിനെ അറിയിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രതികരണം. നിയമം നടപ്പിലാക്കാതെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഐടി മന്ത്രാലയം കഴിഞ്ഞ ആഴ്ച അന്ത്യശാസനം നൽകായിരുന്നു. ഇന്ത്യയിൽ സേഫ് ഹാർബർ നിയമപരിരക്ഷ നഷ്ടമാകുന്ന ഏക അമേരിക്കൻ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ.

By Divya