Mon. Dec 23rd, 2024
ന്യൂദല്‍ഹി:

കേന്ദ്രമന്ത്രിസഭ പുനഃസംഘടന തീരുമാനിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ചര്‍ച്ച നടത്തി. പുനഃസംഘടന ഈയാഴ്ച തന്നെയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ എന്നിവരെ പ്രധാനമന്ത്രിയുടെ വസതിയിലേക്കു വിളിപ്പിച്ചായിരുന്നു കഴിഞ്ഞ ദിവസം മോദി ചര്‍ച്ച നടത്തിയത്.

അഴിച്ചുപണി നടത്തുമ്പോള്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ സൂചന നല്‍കി. ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതൃപ്തരായ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഒന്നിലധികം മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന മന്ത്രിമാരുടെ വകുപ്പുകള്‍ കുറക്കാനും ധാരണയായിട്ടുണ്ട്. മന്ത്രിമാരില്‍ ചിലരെ സംഘടനാ ചുമതലയിലേയ്ക്കു മാറ്റുമെന്നും റിപ്പേര്‍ട്ടുകളുണ്ട്.

എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന്റെ മരണത്തെതുടര്‍ന്നും എന്‍ഡിഎയില്‍ നിന്ന് ശിരോമണി അകാലിദള്‍, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ പുറത്തുപോയതുമടക്കമുള്ള ഒഴിവുകള്‍ക്കും പുനഃസംഘടനയല്‍ പരിഹാരമുണ്ടാക്കിയേക്കും.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം മന്ത്രിസഭ പുനഃസംഘടിപ്പിച്ചിട്ടില്ല. ആദ്യ മോദി സര്‍ക്കാരില്‍ മൂന്ന് തവണ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ അടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഈ സംസ്ഥാനങ്ങള്‍ക്ക് പരിഗണന നല്‍കിയായിരിക്കും പുനഃസംഘടന.

By Divya