Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

മുസ്‍ലിംങ്ങളല്ലാത്തവരിൽ നിന്നും പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ലീഗിന്റെ ഹർജിക്കെതിരെ കേന്ദ്രം നൽകിയ എതിർ സത്യവാങ്മൂലവും ഇന്ന് പരിഗണിക്കുന്നുണ്ട്. വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം.

കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് മുസ്‍ലിം ലീഗ് നൽകിയ അപേക്ഷ പരിഗണിക്കാനിരിക്കെയാണ്, നടപടിയെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ ഇന്നലെ എതി൪ സത്യവാങ്മൂലം സമ൪പ്പിച്ചത്. 2004ൽ പുറത്തിറക്കിയ പൗരത്വ നിയമത്തിന്റെ ചട്ടങ്ങളനുസരിച്ച് നേരത്തെയും സമാന സ്വഭാവമുള്ള വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായീകരണം.

പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ അഭയാ൪ത്ഥികളായ ആറ് മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാൻ ചില ജില്ലാ കളകട്൪മാക്കുണ്ടായിരുന്ന അധികാരം കൂടുതൽ സംസ്ഥാനങ്ങളിലെ ജില്ല കളക്ട൪മാ൪ക്ക് കൂടി ബാധകമാക്കുന്നത് മാത്രമാണ് പുതിയ വിജ്ഞാപനമെന്ന് കേന്ദ്രം വാദിക്കുന്നു.

വിവാദമായ പൗരത്വ ഭേദഗതി നിയമവുമായി പുതിയ വിജ്ഞാപനത്തിന് ബന്ധമില്ല. പുതിയ വിജ്ഞാപനം പഴയ നിയമമനുസരിച്ചുള്ളതാണ്. അതിനാൽ ലീഗ് നൽകിയ അപേക്ഷ തള്ളണമെന്നും സുപ്രീംകോടതിയിൽ സമ൪പ്പിച്ച എതി൪ സത്യവാങ്മൂലത്തിൽ കേന്ദ്രം ആവശ്യപ്പെടുന്നു.

അതേസമയം പുതിയ വിജ്ഞാപനവും സമാന സ്വഭാവമുള്ള പഴയ വിജ്ഞാപനങ്ങളും നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ലീഗിന്റെ വാദം. പൗരത്വത്തിന് മതപരമായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ പഴയ നിയമത്തിൽ പഴുതില്ല. അതിനാൽ വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നും മുസ്‍ലിംകളല്ലാത്തവ൪ക്ക് മാത്രം പൗരത്വം നൽകുന്ന നിയമ ഭേദഗതി സ്റ്റേ ചെയ്യണമെന്നും ലീഗ് ആവശ്യപ്പെടും.

ഇന്ന് ഹരജി പരിഗണിക്കുമ്പോൾ ഇക്കാര്യങ്ങളുന്നയിച്ച് മറുപടി സത്യവാങ്മൂലം സമ൪പ്പിക്കാൻ ലീഗ് സമയം തേടിയേക്കും.

By Divya