Wed. Nov 6th, 2024
ബ്രസീലിയ:

തുടക്കം മുതൽ മൈതാനം ഭരിക്കുകയും എണ്ണമറ്റ ഗോളവസരങ്ങൾ തുറക്കുകയും ചെയ്​തിട്ടും ​കോപ അമേരിക്കയിൽ അർജന്‍റീനക്ക്​ സമനിലത്തുടക്കം. ആദ്യ പകുതിയിൽ ബോക്​സിനു പുറത്തുനിന്ന്​ ലയണൽ മെസ്സി പായിച്ച ഫ്രീകിക്ക്​ വളഞ്ഞുപുളഞ്ഞ്​ ഗോൾവല ചുംബിച്ചതോടെ ലീഡ്​ പിടിച്ചത്​ രണ്ടാം പകുതിയിൽ കളഞ്ഞുകുളിച്ചാണ്​ ചിലിക്കെതിരെ സമനിലയുമായി മടങ്ങിയത്​.

മറഡോണ സ്​മരണയിൽ ഒരുക്കിയ കാഴ്ച വിസ്​മയത്തോടെയാണ്​ കോപ അമേരിക്കയിൽ രണ്ടാം ദിനം കളിയുണർന്നത്​. 1986ൽ അർജന്‍റീനയെ കപ്പിൽ മുത്തമിടീച്ച താരത്തിന്‍റെ ഐതിഹാസിക മുഹൂർത്തങ്ങൾ മൈതാനം നിറഞ്ഞാടിയപ്പോൾ ഒരിക്കലൂ​ടെ ലോകം ഇതിഹാസത്തിനൊപ്പം മനസ്സുനിറഞ്ഞുസഞ്ചരിച്ചു.

അതുകഴിഞ്ഞ്​ കളി തുടങ്ങിയപ്പോൾ ആദ്യ ടച്ചുകളിൽ മുന്നിൽനിന്നത്​ സാഞ്ചസും കൂട്ടരും. പതിയെ താളം പിടിച്ച അർജന്‍റീന മെസ്സിയുടെ കരുത്തിൽ പലവട്ടം ഗോളിനരികെയെത്തി. ആദ്യ പകുതിക്കു പിരിയാൻ 12 മിനിറ്റ്​ ബാക്കിനിൽക്കെയായിരുന്നു മെസ്സിയുടെ ഗോൾ. ഫൗൾ ചെയ്യപ്പെട്ടതിന്​ ലഭിച്ച ഫ്രീകിക്ക്​ മുന്നിൽ കോട്ടകെട്ടിനിന്ന ചിലി താരനിരക്കു മുകളിലൂടെ മെസ്സി പായിച്ചത്​ പോസ്റ്റിനു മുകളറ്റത്ത്​ വളഞ്ഞുപതിക്കുകയായിരുന്നു.

ചിലി ഗോളിയുടെ കൈകൾ തൊട്ടായിരുന്നു വലക്കണ്ണികളിൽ തൊട്ടത്​. താരം രാജ്യത്തിനായി നേടുന്ന 73ാം ഗോൾ.

By Divya