യാംബു:
കൊവിഡ് പ്രതിസന്ധി രാജ്യത്തെ ടൂറിസം മേഖലയിൽ വരുമാനത്തിൽ ഗണ്യമായ കുറവ് വരുത്തിയതായി സൗദി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
2020ൽ 43.3 ശതകോടി റിയാലാണ് രാജ്യം വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത്. 2019ൽ ഇത് 61.2 ശതകോടി റിയാൽ ആയിരുന്നു. സൗദി പൗരന്മാർ ആഭ്യന്തര ടൂറിസത്തിനായി ചെലവഴിക്കുന്ന തുകയിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2014ൽ സൗദിയുടെ ആഭ്യന്തര ടൂറിസം ചെലവ് 43 ശതകോടി റിയാൽ ആയിരുന്നു.
അതിന് ശേഷം ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വന്നത് കൊവിഡ് മഹാമാരിക്കാലത്താണ്. 2015ൽ 48.4 ശതകോടി റിയാൽ, 2016ൽ 55.4 ശതകോടി റിയാൽ, 2017ൽ 46.1 ശതകോടി റിയാൽ, 2018ൽ 48.1 ശതകോടി റിയാൽ എന്നിവയാണ് ടൂറിസം ചെലവ് രേഖപ്പെടുത്തിയിരുന്നത്.
2020ൽ രാജ്യത്തിനകത്തുള്ള സൗദി പൗരന്മാരുടെ വിനോദസഞ്ചാര യാത്രകളുടെ എണ്ണം ഏകദേശം 42.1 ദശലക്ഷം യാത്രകളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ 47.8 ദശലക്ഷം യാത്രകളായിരുന്നു ഇത്. 11.9 ശതമാനം കുറവാണ് ഇത് രേഖപ്പെടുത്തുന്നത്.
രാത്രിയാത്രകളുടെ എണ്ണത്തിൽ 15 ശതമാനമാണ് കുറവുണ്ടായത്. 2019ൽ 268.8 ദശലക്ഷം ഉണ്ടായിരുന്ന യാത്രകളുടെ എണ്ണം 228.5 ദശലക്ഷം ആയി കുറഞ്ഞതായാണ് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്.