Wed. Nov 6th, 2024
തിരുവനന്തപുരം:

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ഭാഗമായി ബിജെപിക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കൊടകര കുഴല്‍പ്പണ കേസെല്ലാം ചെറിയ സംഭവങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപിയ്‌ക്കെതിരെ പരിഹാസം നിറഞ്ഞ വിമര്‍ശനവുമായി വി ടി ബല്‍റാമെത്തിയത്.

അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിനുള്ള സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ്. അയോധ്യയില്‍ 5.8 കോടിയോളം ന്യായവില വരുന്ന സുമാര്‍ 3 ഏക്കര്‍ സ്ഥലം ഒരു ദിവസം വൈകീട്ട് 7.10 ന് സ്ഥലമുടമകളില്‍ നിന്ന് വെറും 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുന്നു.

വെറും 5 മിനിറ്റിനുള്ളില്‍, അതായത് 7.15 ന് ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുന്നു. ഉടന്‍ തന്നെ 17 കോടി രൂപ അവര്‍ ആര്‍ടിജിഎസ് വഴി കൈപ്പറ്റിയെന്നും ബല്‍റാം പറയുന്നു.

രണ്ട് ഇടപാടിനും സാക്ഷികള്‍ ഒരേ ആള്‍ക്കാര്‍ തന്നെ, രാമജന്മഭൂമി ട്രസ്റ്റിലെ അംഗം അനില്‍ മിശ്രയും അയോധ്യയിലെ ബിജെപിക്കാരനായ മേയര്‍ ഋഷികേശ് ഉപാധ്യായയും. ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശ്വഹിന്ദു പരിഷത്തിന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ചമ്പത് റായിയുടെ കാര്‍മ്മികത്ത്വത്തിലാണ് ഈ മൊത്തം ഡീലുകളും നടന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.

ഭഗവാന്‍ രാമന്റെ പേരില്‍പ്പോലും സാമ്പത്തികത്തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താന്‍ മടിയില്ലാത്തവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്, എന്ന പരാമര്‍ശവുമായാണ് ബല്‍റാമിന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആം ആദ്മി പാര്‍ട്ടിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടെയും നേതാക്കളാണ് സ്ഥലമെടുപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച് രംഗത്തെത്തിയിരുന്നത്. ഇവര്‍ പുറത്തുവിട്ട വിവരങ്ങളില്‍ നിന്നാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കോടികളുടെ ഡീലിനെ കുറിച്ച് പുറത്തറിഞ്ഞത്.

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പാണ് കൊടകര കുഴല്‍പ്പണ കവര്‍ച്ചാ സംഭവം നടക്കുന്നത്. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയായിരുന്നു. കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പൊലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്ത എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും കുഴല്‍പ്പണ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

By Divya