Mon. Dec 23rd, 2024
കൊച്ചി:

ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി പോകുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ കൊച്ചിയിലെത്തില്ല. നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി ഇവിടെ നിന്ന് ദ്വീപിലേക്ക് തിരിക്കാനായിരുന്നു പ്രഫുലിന്റെ പദ്ധതി.

എന്നാല്‍ പ്രഫുല്‍ നേരെ ദ്വീപിലേക്ക് പോകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം കോണ്‍ഗ്രസ് എം പിമാര്‍ പ്രഫുലിനെ കാണാനായി നെടുമ്പാശ്ശേരിയിലെത്തിയിരുന്നു. ലക്ഷദ്വീപില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധമറിയിക്കാനായിരുന്നു എംപിമാര്‍ വിമാനത്താവളത്തിലെത്തിയത്.

എം പിമാരായ ടി എൻ പ്രതാപന്‍, ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത് എംഎൽഎ എന്നിവരായിരുന്നു വിമാനത്താവളത്തിലെത്തിയത്. ഒരാഴ്ചത്തേക്കാണ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനത്തിനെതിരെ സമ്പൂര്‍ണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളില്‍ പ്രഫുല്‍ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്.

By Divya