Mon. Dec 23rd, 2024
ശംഖുംമുഖം:

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കാലാവധി നീട്ടി വാങ്ങാനുള്ള നടപടിക്രമങ്ങളുമായി അദാനി ഗ്രൂപ്. സംസ്ഥാന സർക്കാറിന്റെ ശക്തമായ എതിര്‍പ്പുകളെപോലും അവഗണിച്ച് നടത്തിപ്പ് അവകാശം സ്വന്തമാക്കിയ അദാനി ഗ്രൂപ്
ഈമാസം അവസാനം വിമാനത്താവളം എറ്റെടുത്ത് നടത്തണമെന്നാണ് കരാര്‍ വ്യവസ്ഥ.

രാജ്യാന്തര സര്‍വിസുകളും യാത്രക്കാരും കുറഞ്ഞ് നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്താൽ കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണിവർ. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ 50വര്‍ഷത്തേക്കാണ് നടത്തിപ്പ് കരാര്‍.

ഇതിന്റെ ഭാഗമായുള്ള കൈമാറ്റക്കരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് നേരത്തെ ഒപ്പു​വെച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്രം അദാനിക്ക് വിമാനത്താവളം എറ്റെടുത്ത്​ നടത്തുന്നതിനുള്ള സെക്യൂരിറ്റി ക്ലിയറന്‍സും നല്‍കി.

സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിക്കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ വിമാനത്താവള നടത്തിപ്പ് എറ്റെടുക്കണമെന്നാണ്​ വ്യവസ്ഥ. ഈ വ്യവസ്ഥ പ്രകാരം ഈ മാസം അവസാനം നടത്തിപ്പ് ഏറ്റെടുക്കണം. വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹായത്തോടെ പൂര്‍ണമായി മനസ്സിലാക്കുന്നതിനാണ് സമയം അനുവദിച്ചത്​. ഇതിൻ്റെ ഭാഗമായി അദാനി ഗ്രൂപ് എറ്റെടുത്ത വിമാനത്താവളങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ വംശജനായ സിഇഒ തിരുവനന്തപുരം വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

എന്നാല്‍, കൊവിഡ് പ്രതിസന്ധി കാരണം യാത്രക്കാര്‍ കുറയുകയും എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും വിമാനത്താവളത്തില്‍ നടന്നുകൊണ്ടിരുന്ന വികസന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ക്ക്​ ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത അവസ്ഥ സംജാതമായി.

വിമാനത്താവളം വഴി കടന്ന് പോകുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം വിമാനത്താവള അതോറിറ്റിക്ക് നല്‍കണമെന്നതാണ് അദാനി ഗ്രൂപ് കരാര്‍ വ്യവസ്ഥ. നിലവില്‍ രാജ്യന്തര യാത്രക്കാരില്‍നിന്നും എയര്‍പോര്‍ട്ട് അതോറിറ്റി 950 രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യുസേഴ്സ് ഫീ ഈടാക്കുന്നത്. കേന്ദ്രവും അദാനി ഗ്രൂപ്പും കൈമാറ്റക്കരാര്‍ ഒപ്പുവെച്ചെങ്കിലും ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ സ്​റ്റേറ്റ് സപ്പോര്‍ട്ട് കാരറില്‍ ഒപ്പു​വെച്ചിട്ടില്ല.

By Divya