ആംസ്റ്റര്‍ഡാം:
യൂറോ കപ്പ് ഫുട്ബോളിൽ ഹോളണ്ട് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പില്‍ സിയില്‍ രാത്രി പന്ത്രണ്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ ഉക്രെയ്‌നാണ് എതിരാളികൾ. മറ്റൊരു മത്സരത്തിൽ ഓസ്‌ട്രിയ രാത്രി ഒൻപതരയ്‌ക്ക് നോർത്ത് മാസിഡോണിയയെ നേരിടും.
യൂറോപ്പിൽ ഓറഞ്ച് വസന്തം വിരിയിക്കാൻ ഹോളണ്ട് ഇറങ്ങുകയാണ്. ആദ്യ കടമ്പ ആന്ദ്രേ ഷെവ്ചെങ്കോവ് തന്ത്രമോതുന്ന ഉക്രെയ്‌ന്‍. സന്നാഹ മത്സരത്തിൽ ജോർജിയയെ മൂന്ന് ഗോളിന് മുക്കിയ ആത്മവിശ്വാസമുണ്ട് ഫ്രാങ്ക് ഡിബോയറുടെ ഹോളണ്ടിന്. 3-5-2 ശൈലിയിൽ കളത്തിലിറങ്ങുന്ന ഹോളണ്ടിന് ഗോളടിക്കാൻ മെംഫിസ് ഡീപേയുണ്ട് മുന്നിൽ. വൈനാൾഡം, ഡി യോംഗ്, ബ്ലൈൻഡ് എന്നിവർ മധ്യനിരയിൽ. പ്രതിരോധത്തിന്റെ ചുമതല ഡി ലൈറ്റിന്. പരുക്കേറ്റ് പുറത്തായ വിർജിൽ വാൻഡൈക്കിന് പകരം വൈനാൾഡമാണ് ഹോളണ്ടിനെ നയിക്കുന്നത്.
പരുക്കേറ്റ് പിൻമാറിയ വാൻഡെക്കിന്റെ അഭാവം മറികടക്കണം. കൊവിഡ് ബാധിതനായ ജാസ്പർ സിലെസനും ഇന്ന് കളത്തിലുണ്ടാവില്ല. അവസാന നാല് കളിയിലും സമനില വഴങ്ങിയ ഉക്രെയ്‌ൻ ഡച്ച് കടന്നാക്രമണങ്ങളെ ചെറുക്കാനാവും ശ്രദ്ധിക്കുക. റൊമാൻ യാരെംചുക്കിന്റെയും റുസ്ലാൻ മാലിനോവ്സ്കിയുടേയും പ്രത്യാക്രമണങ്ങളിലാണ് ഗോൾ പ്രതീക്ഷ.
ഹോളണ്ടും ഉക്രെയ്‌നും നേർക്കുനേർ ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണിത്. ഹോളണ്ട് ഒരു കളിയിൽ ജയിച്ചപ്പോൾ രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമും ആദ്യം ഏറ്റുമുട്ടിയത് 2008ലാണ്. ഹോളണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. ഒടുവിൽ ഏറ്റുമുട്ടിയത് 2010ൽ. ഇരുടീമും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.
അതേസമയം നോർത്ത് മാസിഡോണിയക്കെതിരെ ഇറങ്ങുമ്പോൾ ഓസ്‌ട്രിയക്ക് വലിയ ആശങ്കകളില്ല. യോഗ്യതാ റൗണ്ടിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസ്‌ട്രിയക്കൊപ്പം നിന്നിരുന്നു. റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഡേവിഡ് അലാബ നയിക്കുന്ന പ്രതിരോധമാണ് ഓസ്‌ട്രിയയുടെ കരുത്ത്.