ദുബായ്:
ലോകം മുഴുവൻ മഹാമാരി താണ്ഡവമാടുമ്പോഴും വിദേശ നിക്ഷേപത്തിൽ ദുബായ് നേടിയത് പത്ത് ശതമാനം വളർച്ച. ഈ വർഷം ആദ്യ പാദത്തിലെ കണക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുറത്തുവിട്ടത്.
ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കണക്ക് പ്രകാരം ദുബായിലെ വിദേശ നിക്ഷേപം 354 ബില്യൺ ദിർഹമായി ഉയർന്നു. കഴിഞ്ഞവർഷം ഇതേസമയം 323 ബില്യൺ ദിർഹമായിരുന്നു വിദേശ നിക്ഷേപം. മഹാമാരിയിൽ നിന്ന് യുഎഇയുടെ സാമ്പത്തിക രംഗം ഉണർന്നെഴുന്നേൽക്കുന്നതിൻറെ തെളിവാണിതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.
കയറ്റുമതിയിൽ 25 ശതമാനം വളർച്ചയുണ്ടായി 50.5 ബില്യൺ ദിർഹമിലെത്തി. ഇറക്കുമതി ഒമ്പത് ശതമാനം വർധനവോടെ 204.8 ബില്യൺ ദിർഹമായി.
റി എക്സ്പോർട്ടിൽ 5.5. ശതമാനം വളർച്ചയാണ് ഈ കാലയളവിൽ നേടിയത്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നൽകിയ അടിത്തറയാണ് വളർച്ചക്ക് കാരണമെന്ന് ശൈഖ് ഹംദാൻ ചൂണ്ടിക്കാണിച്ചു. മഹാമാരിയുടെ നാളിൽ സാമ്പത്തിക മേഖലയിൽ അനുവദിച്ച ഉത്തേജന പാക്കേജടക്കം ഗുണം ചെയ്തു.
പ്രതിസന്ധി കാലഘട്ടം മറികടക്കാൻ വിവിധ മേഖലകളിൽ ക്രിയാത്മകവും നൂതനവുമായ പദ്ധതികൾ ആവിഷ്കരിക്കുകയും ബദൽ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്തു. വെല്ലുവിളികൾ അവസരങ്ങളാക്കുന്നതാണ് യുഎഇയുടെ ശീലം.