Fri. Nov 22nd, 2024
ഭോപ്പാല്‍:

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ക്ലബ്ബ് ഹൗസ് ചര്‍ച്ചയ്ക്കിടെ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗിനെതിരെ പ്രതിഷേധം ശക്തമാക്കി ബിജെപി. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ചര്‍ച്ചയില്‍ സിംഗ് ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം.

ദിഗ്‌വിജയ് സിംഗിനെതിരെ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. 370ാം വകുപ്പ് എടുത്തുകളഞ്ഞതുമുതല്‍ കശ്മീരില്‍ ജനാധിപത്യം ഇല്ലാതായെന്നും എല്ലാവരെയും ജയിലിലടച്ചതോടെ മാനവികതയും ഇല്ലാതായെന്നുമായിരുന്നു ദിഗ് വിജയ് സിംഗിന്റെ പ്രസ്താവന.

കശ്മീരിയത്ത് ആണ് മതേതരത്വത്തിന്റെ അടിസ്ഥാനം. കാരണം മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു രാജാവായിരുന്നു ഉണ്ടായിരുന്നത്. അവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു. അതിന്റെ ഫലമായി കശ്മീരി പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ സംവരണമേര്‍പ്പെടുത്തി.

അതിനാല്‍ തന്നെ 370-ാം വകുപ്പ് എടുത്തുമാറ്റിയത് ഏറ്റവും വിഷമകരമാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ ഈ വിഷയത്തില്‍ പുനപരിശോധന നടത്തുമെന്നായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകരോടാണ് സിംഗ് ഈ പ്രസ്താവന നടത്തിയതെന്നും ഈ വിഷയത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിക്കണമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ദിഗ്‌വിജയ് സിംഗിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ കിരീടമാണ് കശ്മീര്‍ എന്നും കോണ്‍ഗ്രസ് സംസാരിക്കുന്നത് പാകിസ്ഥാന്റെ ഭാഷയിലാണെന്നുമായിരുന്നു ചൗഹാന്റെ പരാമര്‍ശം.

പ്രതിഷേധം ശക്തമായതോടെ പ്രസ്താവനയില്‍ വിശദീകരണവുമായി ദിഗ്വിജയ് സിംഗും രംഗത്തെത്തി. നിരക്ഷരരായ ഒരുകൂട്ടം തന്റെ പരാമര്‍ശത്തെ വളച്ചൊടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. നിരക്ഷരരായ ഈ കൂട്ടത്തിന് പരിഗണിക്കും, ചെയ്യും എന്നീ വാക്കുകളുടെ അര്‍ത്ഥം അറിയില്ല എന്ന് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിംഗിന്റെ മറുപടി.

By Divya