Mon. Dec 23rd, 2024
സാവോ പോളോ:

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയ്‌ക്കെതിരെ നടപടി. സാവ് പോളോയില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത ബൈക്ക് റാലിയില്‍ മാസ്‌ക് ധരിക്കാതെ എത്തിയതിനാണ് ബോല്‍സനാരോയ്‌ക്കെതിരെ നൂറ് ഡോളര്‍ പിഴ വിധിച്ചത്.

ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത റാലിയിലാണ് ബോല്‍സനാരോ മാസ്‌ക് ധരിക്കാതെ എത്തിയത്. ഓപ്പണ്‍ ഹെല്‍മറ്റ് ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹം റാലിയില്‍ പങ്കെടുത്തത്. റാലിയില്‍ പങ്കെടുക്കാനെത്തിയവരെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റിന്റെ പ്രവര്‍ത്തിയെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബോല്‍സനാരോ റാലികളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സാവോ പോളയിലെ പരിപാടിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ പിഴയടക്കേണ്ടി വരുമെന്ന് സാവോ പോളോ ഗവര്‍ണറും ബോല്‍സനാരോയുടെ രാഷ്ട്രീയ എതിരാളിയുമായ ജോവോ ഡോറിയ നേരത്തെ തന്നെ അറിയിച്ചിരുന്നു.

മഹാമരിയുടെ വ്യാപനം തുടങ്ങിയ ഘട്ടം മുതല്‍ കൊവിഡ് നിയന്ത്രണങ്ങളും മാസ്‌കും ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ച ഭരണാധികാരിയാണ് ബോല്‍സനാരോ. അതേസമയം കൊവിഡ് 19ന് ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ട ക്ലോറോക്വിന്‍, ഹൈഡ്രോ ക്ലോറോക്വിന്‍ എന്നീ മരുന്നുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

കൊവിഡ് മഹാമാരിയ്‌ക്കെതിരെ അലസമായ നടപടികള്‍ സ്വീകരിച്ചിരുന്ന ബോല്‍സനാരോയ്ക്ക് രോഗം ബാധിച്ചിരുന്നു. രോഗമുക്തനായ ശേഷം വാക്‌സിന്‍ സ്വീകരിക്കാന്‍ ബോല്‍സനാരോ തയ്യാറായി. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്നും അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള ഒരു സാധ്യതയുമില്ലെന്നും പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ബോല്‍സനാരോ മാസ്‌ക് ധരിക്കുന്നതിനെ എതിര്‍ക്കുന്നത്.

കൊവിഡ് സാധ്യത കുറയക്കാനും രോഗബാധിതനായാലും അപകടനിലയിലേക്ക് കാര്യങ്ങള്‍ നീങ്ങാതിരിക്കാനുമാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിന്നും രോഗം പകരില്ലെന്നതിന് ശാസ്ത്രീയമായ ഒരു അടിത്തറയുമില്ല.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ്യമാണ് ബ്രസീല്‍. 485,000ത്തോളം കൊവിഡ് മരണങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്.

By Divya