Mon. Dec 23rd, 2024

പ്രഭാസ് നായകനാവുന്ന രാധേ ശ്യാം ഒടിടി പ്ലാറ്റ്‌ഫോമിന് നല്‍കിയെന്ന് സമൂഹമാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. ജൂലൈ 30ന് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ രണ്ടാം വരവോടെ തീയതിയില്‍ മാറ്റം വന്നു.

രാധേ ശ്യാം ഒടിടിയില്‍ റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചില എന്റര്‍ട്ടെയിന്‍മെന്റ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 400 കോടിക്ക് ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിന് വിറ്റു. ഇതോടെ രാധേ ശ്യാം ഒടിടി വാങ്ങിയ ഏറ്റവും വില കൂടിയ തെലുങ്കു ചിത്രമായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

രാധാ കൃഷ്ണ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ബഹുഭാഷാ ചിത്രമായാണ് എത്തുന്നത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംസിയും പ്രമോദും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. വേറിട്ടൊരു വേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത് എന്നതാണ് വലിയ പ്രത്യേകതകളിലൊന്ന്.

മലയാളത്തിന്റെ പ്രിയതാരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.’പ്രഭാസുമായി ഒന്നിക്കാന്‍ സാധിച്ചതില്‍ സന്തോഷം. അദ്ദേഹത്തിന്റെ സത്യസന്ധത, പ്രതിബദ്ധത, സ്ഥിരോത്സാഹം എല്ലാം നേരില്‍ കാണാന്‍ സാധിച്ചു. രാധേ ശ്യാം വളരെ ഹൃദയസ്പര്‍ശിയായ ചിത്രമായിരിക്കും’, ജയറാം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരുന്നു.

By Divya