റോസോ:
ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതിയായ മെഹുൽ ചോക്സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. മെഹുൽ ചോക്സിക്ക് ശാരീരിക അവശതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, ഡൊമിനിക്കയിൽനിന്ന് ചോക്സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
ആന്‍റിഗ്വയിൽനിന്ന് തന്നെ ബലമായി ഡൊമിനിക്കയിലേക്ക് കൊണ്ടുവരികയായിരുന്നു. ശാരീരിക അവശതകളുള്ളതിനാൽ ജാമ്യം അനുവദിക്കണം. ജാമ്യം അനുവദിച്ചാലും നിയമനടപടികൾ തീരും വരെ ഡൊമിനിക്കയിൽ തുടരുമെന്നും മെഹുൽ ചോക്സിയുടെ അഭിഭാഷകൻ കോടതിൽ സമർപ്പിച്ച ജാമ്യഹർജിയിൽ പറഞ്ഞിരുന്നു.
മെഹുൽ ചോക്സി ജാമ്യത്തിലിറങ്ങി നാടുവിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തിനെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്നും സർക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ ലെനോക്സ് ലോറൻസ് പറഞ്ഞു.
അദ്ദേഹത്തിന്‍റെ ആരോഗ്യപ്രശ്നങ്ങൾ ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും മതിയായ വൈദ്യസഹായം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.