ന്യൂഡൽഹി:
ഭീകര സംഘടനയായ ഐ എസിൽ ചേർന്ന് അഫ്ഗാനിസ്താനിലെത്തിയ ഇന്ത്യക്കാരായ നാലു വനിതകൾക്കും ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി നൽകിയേക്കില്ല. മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ തിരികെ കൊണ്ടുവരണമെന്ന അഫ്ഗാൻ സർക്കാർ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐ എസ് ഭീകരരായ ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ ഖുറാസാൻ പ്രവിശ്യയിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടിരുന്നു.
2016-18 കാലയളവിലാണ് ഇവർ കേരളത്തിൽനിന്ന് അഫ്ഗാനിസ്ഥാനിൽ ഐ എസ് നിയന്ത്രണത്തിലായിരുന്ന നാൻഗർഹാറിലെത്തിയത്. 2019 നവംബർ, ഡിസംബർ മാസങ്ങളിൽ കീഴടങ്ങിയ ആയിരക്കണക്കിന് ഐ എസ് ഭീകരരിലും അവരുടെ ആശ്രിതരിലും പെട്ടവരാണ് നാലുപേരും.
ഇവരുൾപെടെ 408 തടവുകാർ അഫ്ഗാൻ തടവറകളിൽ കഴിയുന്നുണ്ടെന്ന് ഏപ്രിൽ 27ന് അഫ്ഗാൻ സുരക്ഷാവിഭാഗം മേധാവി അഹ്മദ് സിയ സർറാജ് അറിയിച്ചിരുന്നു. ഇന്ത്യക്കു പുറമെ ചൈന, പാകിസ്താൻ, ബംഗ്ലദേശ്, മാലദ്വീപ് തുടങ്ങി 13 രാജ്യക്കാരാണ് ഈ തടവുകാർ.
വിവിധ സർക്കാർ ഏജൻസികൾക്കിടയിൽ അഭിപ്രായൈക്യമില്ലാത്തതിനാൽ തിരികെ കൊണ്ടുവരാനുള്ള സാധ്യത തീരെ കുറവാണെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇവർക്ക് പുറമെ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഇന്ത്യക്കാരായി ജയിലുകളിലുണ്ട്. ഇവരെ മടക്കിക്കൊണ്ടുവരുന്നതിന് പകരം അഫ്ഗാനിൽ തന്നെ വിചാരണ പൂർത്തിയാക്കാൻ ആവശ്യപ്പെടാമെന്നാണ് സർക്കാർ നിലപാട് എന്ന് സൂചനയുണ്ട്.
സോണിയ സെബാസ്റ്റ്യൻ അടങ്ങുന്ന 21 അംഗ ഇന്ത്യൻ സംഘം ഇറാൻ വഴി 2016ലാണ് നടന്ന് അഫ്ഗാൻ അതിർത്തി കടന്നത്. സോണിയ കാസർകോട് സ്വദേശിയാണ്. പാലക്കാട് സ്വദേശിയ മെറിൻ ജേക്കബ് എന്ന മറിയവും ഇതേ വർഷം തന്നെയാണ് നാടുവിട്ടത്. നാലു പേരും ജയിലിലുള്ള വിവരം പുറത്തെത്തിയ ശേഷം ഇന്ത്യൻ പ്രതിനിധി സംഘം ഇവരെ കണ്ടിരുന്നതായും തീവ്രവാദ ആശയങ്ങൾ ഇപ്പോഴും നിലനിർത്തുന്നതായും നേരത്തെ അധികൃതർ അറിയിച്ചിരുന്നു.