മനാമ:
കൊവിഡ് കാലത്ത് യാത്ര സുഗമമാക്കാൻ വ്യോമയാന രംഗത്തെ ആഗോള കൂട്ടായ്മയായ ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) അവതരിപ്പിച്ച ഡിജിറ്റൽ ട്രാവൽ പാസ് ആപ്ലിക്കേഷൻ ഗൾഫ് മേഖലയിൽ ഉൾപ്പെടെ ഉടൻ നിലവിൽ വരും.
കൊവിഡ് പരിശോധന നടത്തിയതിൻറെയും വാക്സിൻ സ്വീകരിച്ചതിൻറെയും വിവരങ്ങൾ ആപ്പിലൂടെ ലഭിക്കുന്നതോടെ യാത്രാസംബന്ധമായ നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാൻ വിമാന കമ്പനികൾക്കും എമിഗ്രേഷൻ അധികൃതർക്കും സാധിക്കും.
ഗൾഫ് എയർ, എമിറേറ്റ്സ്, ഇത്തിഹാദ്, സൗദി തുടങ്ങി 38 എയർലൈൻസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ ട്രാവൽ പാസ് സംവിധാനം നടപ്പാക്കിയിരുന്നു. വളരെ ‘വളരെ പോസിറ്റിവ്’ ആയ പ്രതികരണമാണ് ഇതിൽനിന്ന് ലഭിച്ചതെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലി വാൽഷ് പറഞ്ഞു. മറ്റ് നിരവധി വിമാനക്കമ്പനികൾ ഉടൻതന്നെ ഇൗ സംവിധാനം ഉപയോഗിച്ച് തുടങ്ങും.