Mon. Dec 23rd, 2024
Actor lukman

കോവിഡിന്റെ ദുരിതം പേറുന്നവർക്ക് സഹായമെത്തിച്ച്‌ നടൻ ലുക്മാൻ. മലപ്പുറം ചങ്ങരക്കുളം വാർഡിലെ ക്ലബ്ബായ സൂര്യയിലെ സുഹൃത്തുക്കൾക്കൊപ്പമാണ് ഓടിനടന്ന് ലുക്മാൻ സഹായം എത്തിക്കുന്നത്. സ്വന്തം വാർഡിലും തൊട്ടടുത്ത വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം നടത്തുക, പട്ടിണിയിലായവർക്ക് ഭക്ഷണകിറ്റ് എത്തിക്കുക എന്നിവയെല്ലാമാണ് ലുക്മാന്റെ നേതൃത്വത്തിൽ നടക്കുന്നത്. ക്ലബ്ബിന്റെ വാട്സാപ്പ് വഴി പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് കഷ്ടപ്പെടുന്നവർക്കായി സഹായം എത്തിക്കുന്നത്.

സിനിമാ താരത്തിന്റെ പകിട്ടുകൾ ഒന്നുമില്ലാതെ നാട്ടുകാർക്കൊപ്പം അവരിൽ ഒരാളായി നിന്നാണ് ലുക്മാൻ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഭാഗമാകുന്നത്. ‘ജീവിതത്തിൽ ബ്ലോക്ക് ചെയ്യപ്പെട്ടവരെ വിജയിച്ചിട്ടുള്ളൂ’- ഓപ്പറേഷൻ ജാവയിൽ ലുക്മാൻ പറയുന്ന ഈ ഡയലോഗ് കേരളത്തിലെ തൊഴിൽരഹിതരായ ചെറുപ്പക്കാരെ സ്വാധീനിച്ചിരുന്നു . സപ്തമശ്രീതസ്കര, കെ.എൽ.10, സുഡാനി ഫ്രം നൈജീരിയ, ഗോദ, അജഗജാന്തരം എന്നീ സിനിമകളിലും ലുക്മാൻ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആറാട്ട് ,നാരദൻ തുടങ്ങിയ സിനിമകളുടെ ജോലികൾ പൂർത്തിയാക്കിയാണ് ലുക്മാൻ ജനസേവനത്തിനിറങ്ങിയത്.