Sat. Nov 23rd, 2024
ന്യൂഡൽഹി:

വിവാദമായ കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ കേസ് നടപടികൾ സുപ്രീം കോടതി അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പരമോന്നത കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടൽക്കൊല ഇരകൾക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ സംസ്ഥാന സ‍ർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസ‍ർക്കാർ ഇന്ന് കോടതിയെ അറിയിച്ചു.

കടൽക്കൊല കേസിൽ ബോട്ടിലുണ്ടായിരുന്ന എല്ലാവർക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിർക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സർക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

കടൽക്കൊല കേസിൽ നാവികർക്കെതിരെയുള്ള നടപടികൾ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചിരിക്കുന്നത്. നാവികർക്കെതിരായ കേസിന്റെ നടപടികൾ അവസാനിപ്പാക്കാമെന്ന് സുപ്രീംകോടതി ഇതോടെ നിലപാടെടുക്കുകയായിരുന്നു. നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിനായി ഹൈക്കോടതിയെ ചുമതലപ്പെടുത്താമെന്നും കോടതി പറഞ്ഞു.

By Divya