തിരുവനന്തപുരം:
കാസർകോട് തിരുവനന്തപുരം സിൽവർലൈൻ വേഗ റെയിൽപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിക്കു വിപണി വിലയുടെ രണ്ടു മുതൽ നാലു വരെ ഇരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന് പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ (കെ–റെയിൽ) വ്യക്തമാക്കി. വീട്, കെട്ടിടങ്ങൾ, വൃക്ഷങ്ങൾ എന്നിവയ്ക്ക് മൂല്യത്തിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരമായി ലഭിക്കും.
15 മീറ്റർ മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുകയെന്നു എംഡി: വി അജിത് കുമാർ പറഞ്ഞു. നെൽപാടങ്ങളും കെട്ടിട സമുച്ചയങ്ങളും ഒഴിവാക്കി 88 കിലോമീറ്ററിൽ ആകാശപ്പാതയാണു നിർമിക്കുക.
പാത നിർമാണവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും അര ലക്ഷം തൊഴിലവസരങ്ങൾ ലഭിക്കും. പാതയ്ക്കു സമീപമായി സർവീസ് റോഡുകൾ വരുന്നതോടെ ഭൂമി വിട്ടു നൽകുന്നവർക്കു മെച്ചപ്പെട്ട റോഡ് സൗകര്യം ലഭിക്കും. ഒപ്പം ഭൂമിവിലയും വർധിക്കും. നിലവിലുളള റെയിൽപാതകൾ, ദേശീയ പാതകൾ, സംസ്ഥാന പാതകൾ, മറ്റു റോഡുകൾ എന്നിവ സിൽവർ ലൈൻ മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ഫ്ലൈ ഓവറുകൾ എന്നിവ നിർമിക്കും.
സ്ഥലമേറ്റെടുപ്പിനു പ്രത്യേക സെല്ലുകൾ രൂപീകരിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. റവന്യു–ഗതാഗത വകുപ്പുകളുടെ അനുമതി ഉടൻ ലഭിക്കും. ഡപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 18 ജീവനക്കാരുള്ള സെല്ലുകളാണു രൂപീകരിക്കുക. ഇതിനു പുറമേ സംസ്ഥാനതലത്തിൽ നടപടികൾ ഏകോപിപ്പിക്കാൻ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഓഫിസിനും രൂപം നൽകും.