Thu. Dec 19th, 2024
ഹരിദ്വാർ:

കൊവിഡ്​ വാക്​സിൻ സംബന്ധിച്ച മുൻ നിലപാടിൽ നിന്ന്​ മലക്കം മറിഞ്ഞ്​ യോഗ ഗുരു ബാബ രാംദേവ്​. ആയുർവേദത്തി​ൻറേയും യോഗയുടേയും സംരക്ഷണം തനിക്കുണ്ടെന്നും കൊവിഡ്​ വാക്​സിൻ ആവശ്യമില്ലെന്നുമായിരുന്നു ബാബ രാംദേവി​ൻറെ നിലപാട്​. എന്നാൽ, താൻ വൈകാതെ കൊവിഡ്​ വാക്​സിൻ സ്വീകരിക്കുമെന്നും ഡോക്​ടർമാർ ദൈവത്തി​ൻറെ ദൂതൻമാരാണെന്നുമാണ്​ രാംദേവി​ൻറെ പുതിയ പ്രസ്​താവന.

കൊവിഡ്​ പ്രതിരോധത്തിൽ അലോപ്പതി മരുന്നുകളുടെ ഫലപ്രാപ്​തിയെ സംബന്ധിച്ച്​ രാംദേവ്​ നടത്തിയ പ്രസ്​താവന വലിയ വിവാദങ്ങൾക്ക്​ കാരണമായിരുന്നു. എന്നാൽ, എല്ലാവർക്കും സൗജന്യമായി വാക്​സിൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീർത്തിക്കുകയാണ്​ രാംദേവിപ്പോൾ. ചരിത്രപരമായ തീരുമാനമാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന്​ രാംദേവ്​ പറഞ്ഞു.

കൊവിഡ്​ വാക്​സി​ൻറെ രണ്ട്​ ഡോസുകളും യോഗയും ആയുർവേദവും തനിക്ക്​ കൊവിഡിൽ നിന്ന്​ സംരക്ഷണം തരുമെന്ന്​ രാംദേവ്​ ഹരിദ്വാറിൽ പറഞ്ഞു. താൻ ഒരു സ്ഥാപനത്തിനും എതിരല്ല. ഡോക്​ടർമാർ ദൈവത്തി​ൻറെ ദൂതൻമാരാണ്​. എന്നാൽ, ചില ഡോക്​ടർമാർ മോശം കാര്യങ്ങൾ ചെയ്യുന്നുണ്ട്​. അടിയന്തര ചികിത്സക്കും ശസ്​ത്രക്രിയകൾക്കും ആലോപ്പതിയാണ്​ നല്ലതെന്നും രാംദേവ്​ കൂട്ടിച്ചേർത്തു.

By Divya