Mon. Dec 23rd, 2024
ന്യൂഡൽഹി:

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം കുറയുന്നു. 94,052 പേർക്കാണ് ഇന്നലെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന മരണ നിരക്കാണ് ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

24 മണിക്കൂറിനിടെ 6,148 പേർ മരണത്തിന് കീഴടങ്ങി. ബിഹാർ പഴയ കണക്കുകൾ ഇന്നലെ പുറത്തു വിട്ടതാണ് മരണ നിരക്ക് കൂടാൻ ഇടയായത്. ബിഹാറിൽ മാത്രം മൂവായിരത്തിൽ അധികം മരണമുണ്ടായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.77 ശതമാനമായി.

അതിനിടെ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിർദ്ദേശം ഡയർക്ട്രേറ്റ് ജനറൽ ഓഫ്‌ ഹെൽത്ത് സർവീസസ് പുറത്തിറക്കി. 18 വയസിൽ താഴെയുള്ള കുട്ടികളിൽ കൊവിഡ് ചികിത്സയ്ക്ക് റെംഡസിവിർ മരുന്ന് ഉപയോഗിക്കരുത് എന്നും നിർദ്ദേശമുണ്ട്.

ഇതുവരെ  24 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തു. വാക്സീൻ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു. ഇവിൻ സംവിധാനത്തിലെ വിവരം പുറത്ത് വിടരുതെന്നും വിവരം കേന്ദ്രത്തിന്‍റെ അധികാര പരിധിയിൽ വരുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

രാജ്യത്തെ 80 ശതമാനം പേർക്ക് സെപ്റ്റംബറോടെ വാക്സീൻ നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്സീന്‍ നല്‍കുന്ന തരത്തില്‍ വാക്സിനേഷന്‍ വർദ്ധിപ്പിക്കണമെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.

By Divya