ലക്ഷദ്വീപ്:
ലക്ഷദ്വീപിൽ തദ്ദേശീയ മത്സ്യബന്ധന ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചു നിരീക്ഷണത്തിനും തുറമുഖങ്ങൾ, ജെട്ടികൾ, കപ്പലുകളുൾപ്പെടെയുള്ള യാനങ്ങൾ എന്നിവയ്ക്കു രണ്ടാംതല സുരക്ഷ ഏർപ്പെടുത്താനുമുള്ള വിവാദ തീരുമാനങ്ങൾ പിൻവലിച്ചു. മേയ് 28ന് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെത്തുടർന്നു കൈക്കൊണ്ട തീരുമാനങ്ങൾ വൻ വിമർശനത്തിനിടയാക്കിയതോടെയാണു പിൻമാറ്റം.
മഞ്ച്, ബോട്ട് എന്നിവ ദ്വീപിലെത്തുന്നതു സംബന്ധിച്ചുള്ള വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാനും യാനങ്ങൾ നങ്കൂരമിടുന്ന സ്ഥലങ്ങളിലും ഹെലിപ്പാഡുകളിലും സിസിടിവി ക്യാമറാ നിരീക്ഷണം ശക്തമാക്കാനും കൊച്ചിക്കു പുറമെ ബേപ്പൂർ, മംഗളൂരു തുറമുഖങ്ങളിലും യാത്രക്കാരെയും ബാഗേജും പരിശോധിക്കാനും നിർദേശം നൽകിയിരുന്നു. ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന്റെ പ്രായോഗികത ഉത്തരവു പുറത്തിറങ്ങിയപ്പോൾത്തന്നെ ചോദ്യം ചെയ്യപ്പെട്ടു. ദ്വീപുവാസികൾക്കു പുറമേ ദ്വീപിലെ ജീവനക്കാരുടെ സംഘടനയും ശക്തമായി പ്രതിഷേധിച്ചു.
മേഖലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണിയുണ്ടാകുമ്പോൾ മാത്രം ഏർപ്പെടുത്തേണ്ടതാണു രണ്ടാംതല സുരക്ഷ. ലക്ഷദ്വീപിലെ സമാധാനപരമായ ബഹുജന പ്രക്ഷോഭത്തെ അടിച്ചമർത്താനാണ് ഇതു നടപ്പാക്കിയതെന്ന ആരോപണം ശക്തമായിരുന്നു.