തിരുവനന്തപുരം:
ഇഎംസിസി കരാറുമായി ബന്ധപ്പെട്ടു കഴിഞ്ഞ സർക്കാരിന്റെ കാലത്തു വിദേശത്തു ചർച്ച നടന്നിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഫിഷറീസ് വകുപ്പ് ഇഎംസിസിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല.
12 നോട്ടിക്കൽ മൈൽ വരെ തീരക്കടലിൽ മാത്രമേ സംസ്ഥാനത്തിനു മത്സ്യബന്ധന നിയന്ത്രണഅധികാരമുള്ളൂ. ടൗട്ടെ ചുഴലിക്കാറ്റിലും കടൽക്ഷോഭത്തിലും 186 വീടുകൾ പൂർണമായും 2,432 വീടുകൾ ഭാഗികമായും തകർന്നു.
മൂവായിരത്തോളം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ക്യാംപുകളിലേക്കു മാറ്റി. മത്സ്യക്കൃഷി ഫാമുകളുടെയും മത്സ്യബന്ധന ഉപകരണങ്ങളുടെയും നഷ്ടം കണക്കാക്കി 1.40 കോടി രൂപയുടെ നഷ്ടപരിഹാര നിർദേശം കേന്ദ്രത്തിനു സമർപ്പിക്കും.