Mon. Dec 23rd, 2024
ന്യൂഡൽഹി:

ഭാരത്​ ബയോടെക്​ നിർമ്മിച്ച കോവാക്​സിൻ കൊവിഡി​ൻറെ ബീറ്റ, ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമെന്ന്​ കണ്ടെത്തൽ. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ പഠനം നടത്തിയത്​. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊവിഡ്​ വകഭേദമാണ്​ ഡെൽറ്റയെന്ന്​ അറിയപ്പെടുന്നത്​. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ്​ വകഭേദമാണ്​ ബീറ്റ.

അതിവേഗത്തിൽ പടരുന്ന വകഭേദമായ​ ഡെൽറ്റയാണ്​ ഇന്ത്യയിൽ കൊവിഡ്​ രണ്ടാം തരംഗത്തിന്​ കാരണമായതെന്നാണ്​ വിലയിരുത്തൽ. അതേസമയം, ഇതുമായി ബന്ധപ്പെട്ട്​ കൂടുതൽ തെളിവുകൾ പുറത്ത്​ വന്നിട്ടില്ല. കൊവിഡ്​ മുക്​തി നേടിയ 20 പേരെയും കോവാകസിൻറെ രണ്ടാം ഡോസ്​ സ്വീകരിച്ച 17 പേരെയും പഠനവിധേയമാക്കിയാണ്​ ഇത്തരമൊരു നിഗമനത്തി​ലേക്ക്​ പൂണെയിലെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ട്​ എത്തിയത്​.

നേരത്തെ കോവിഷീൽഡ്​, കോവാക്​സിൻ എന്നിവയുടെ ഫലപ്രാപ്​തിയെ കുറിച്ചും പഠനം നടന്നിരുന്നു. ഇതിൽ കോവിഷീൽഡാണ്​ കൊവിഡിനെതിരെ കൂടുതൽ ആൻറിബോഡി ഉല്പാദിപ്പിക്കുന്നതെന്ന്​ വ്യക്​തമായിരുന്നു. വാക്​സി​ൻറെ രണ്ട്​ ഡോസുകളും സ്വീകരിച്ച ആരോഗ്യപ്രവർത്തകരിലാണ്​ പഠനം നടത്തിയത്​.

By Divya