ഇംഫാൽ:
ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിലെ സ്വർണമെഡൽ ജേതാവ് ഡിങ്കോ സിങ് അന്തരിച്ചു. 41വയസായിരുന്നു. കരളിലെ അർബുദ ബാധയെ തുടർന്ന് 2017 മുതൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞവർഷം കൊവിഡ് ബാധിതനായെങ്കിലും അദ്ദേഹം രോഗമുക്തി നേടി തിരിച്ചെത്തിയിരുന്നു. അർബുദ ചികിത്സക്കായി കഴിഞ്ഞവർഷം ജനുവരിയിൽ അദ്ദേഹം ഡൽഹിയിലെ ആശുപത്രിയിൽ എത്തിയിരുന്നു.
പിന്നീട് ഇംഫാലിലേക്ക് മടങ്ങി. ഏപ്രിലിൽ വീണ്ടും ആരോഗ്യനില വഷളായതോടെ ഹെലികോപ്ടർ മാർഗം അദ്ദേഹത്തെ വീണ്ടും ഡൽഹിയിൽ തിരിച്ചെത്തിച്ച് ചികിത്സ നൽകിയിരുന്നു. ഇടക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ചെയ്തു.
1998ലെ ഏഷ്യൻ ഗെയിംസിലാണ് ബോക്സിങ്ങിൽ ഡിങ്കോ സ്വർണം സ്വന്തമാക്കിയത്. 16വർഷത്തെ ഇടവേളക്ക് ശേഷമാണ് അന്ന് അദ്ദേഹം ബോക്സിങ്ങിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ചത്.
1998ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു. 2013ൽ രാജ്യം പത്മശ്രീയും സമ്മാനിച്ചു. ഡിങ്കോയുടെ നിര്യാണത്തിൽ ബോക്സർ വിജേന്ദർ സിങ് ഉൾപ്പെടെയുള്ളവർ അനുശോചിച്ചു.