Fri. Apr 4th, 2025
എറണാകുളം:

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതു സംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക.

കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂൺ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഇദ്ദേഹം കഴിഞ്ഞ തവണ ഹാജരായിരുന്നില്ല.

എന്നാൽ ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി കോടതിയിൽ എതിർക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു.

By Divya