Mon. Dec 23rd, 2024
തിരുവനന്തപുരം:

കോൺഗ്രസ് ഉണർന്നാൽ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നിൽക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബൂത്ത് തലം മുതൽ പാർട്ടിയിൽ പുനസംഘടനയുണ്ടാകും. ബൂത്ത്, മണ്ഡലം കമ്മിറ്റികളാണ് കോൺഗ്രസിന്റെ ചങ്ക്. അടിത്തട്ട് മുതൽ പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

‘കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങൾ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ളയാളാണ് താൻ.

എന്നാൽ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അതൊക്കെ മനസിലാക്കുന്നു. ഈ നേതൃപദവി നൽകിയതിന് ഹൈക്കമാന്റിന് നന്ദി. വിജയിച്ച കെപിസിസി പ്രസിഡന്റാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.

‘എനിക്ക് ഗ്രൂപ്പില്ല, ചെന്നിത്തലയുമായി സഹകരിച്ചിരുന്നു. ഗ്രൂപ്പിന്റെ വക്താവായിരുന്നില്ല ഒരിക്കലും. ഗ്രൂപ്പിനതീതമായി പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യം. മറ്റെല്ലാ വികരങ്ങൾക്കും അതീതമായി പാർട്ടിക്ക് വേണ്ടി ആത്മാർത്ഥമായി പണിയെടുക്കേണ്ട സമയമാണ് ഇതെന്ന് എല്ലാ നേതാക്കളും പ്രവർത്തകരും മനസിലാക്കണം. കഴിവില്ലാത്തവർ നേതൃത്വത്തിൽ വന്നതാണ് പാർട്ടി പരാജയപ്പെടാൻ കാരണം.

‘കെപിസിസിക്ക് 51 അംഗ കമ്മിറ്റിയാണ് മനസിലുള്ളത്. നേതാക്കളുടെ എണ്ണമല്ല വണ്ണമാണ് കാര്യം. ഓരോ ആൾക്കും വ്യത്യസ്തമായ സ്വഭാവം, ശൈലി, സംസാരം ഒക്കെയുണ്ട്. അത് സെൽഫ് ഐഡന്റിറ്റിയാണ്. ഞാനിങ്ങനെയാണ്, അതിൽ മാറ്റമുണ്ടാകില്ല. അടിത്തട്ടിൽ നിന്ന് വന്നവനോ കെട്ടിയിറക്കിയവനോയല്ല താൻ. താഴേത്തട്ടിൽ നിന്ന് പ്രവർത്തിച്ച് വന്നവനാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ പരുക്കൻ സ്വഭാവമുണ്ട്. അത് ആരെയും അലോസരപ്പെടുത്തുന്നതല്ല.’

By Divya