Thu. Mar 28th, 2024
ന്യൂഡൽഹി:

സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍റെ പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഷീല്‍ഡ്–780 രൂപ, കൊവാക്സിന്‍–1410 രൂപ, സ്പുട്നിക് – 1145 രൂപ. അതേസമയം, 74 കോടി ഡോസ് കൊവിഡ് വാക്സീന്‍ കൂടി ലഭ്യമാക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.

പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് വാക്സീന്‍ സൗജന്യമായി നല്‍കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി. വാക്സീന്‍ പാഴാക്കുന്നത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. 63 ദിവസത്തിനിടെ ആദ്യമായി രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായി.

25 കോടി ഡോസ് കൊവിഷീല്‍ഡിനും 19 കോടി ഡോസ് കൊവാക്സീനുമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയായി ഓര്‍ഡര്‍ നല്‍കിയത്. 30 ശതമാനം തുക മുന്‍കൂറായി നല്‍കി. ബയോളജിക്കല്‍ ഇയുടെ വാക്സീന്‍റെ 30കോടി ഡോസിനും ഒാര്‍ഡര്‍ നല്‍കി. ഇത് സെപ്റ്റംബര്‍ മുതല്‍ ലഭിക്കും. പതിനെട്ട് വയസ് കഴിഞ്ഞവര്‍ക്ക് ഈ മാസം 21 മുതല്‍ സൗജന്യമായി വാക്സീന്‍ നല്‍കുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി.

സാമ്പത്തിക മാനദണ്ഡങ്ങളില്ല; എല്ലാവര്‍ക്കും സൗജന്യവാക്സീന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ജനസംഖ്യ, രോഗവ്യാപനം എന്നിവ കണക്കാക്കിയാകും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്സീന്‍ വിതരണം ചെയ്യുക. രണ്ടാംഡോസ് ലഭിക്കാനുള്ളവര്‍ക്ക് പരിഗണന നല്‍കണം. വാക്സീന്‍ നല്‍കേണ്ടവരുടെ മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍മാതാക്കളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ വഴിയാകും വാക്സീന്‍ ലഭിക്കുക.

ഒരു ഡോസിന് 150 രൂപ പരമാവധി സര്‍വീസ് ചാര്‍ജ് ഈടാക്കാം. സ്വകാര്യ ആശുപത്രികളിലെ വിലയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്‍റെ മേല്‍നോട്ടമുണ്ടാകണം. ഒാണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കരുത്. സര്‍ക്കാര്‍,സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒാണ്‍സൈറ്റ് റജിസ്ട്രേഷന്‍ അനുവദിക്കണം. സുപ്രീംകോടതി ഇടപെടുന്നതിനു മുന്‍പേ വാക്സീന്‍ നയം മാറ്റത്തിന് നടപടി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.

By Divya