Mon. Dec 23rd, 2024

പാരിസ് ഫിലിംഫെസ്റ്റിവലിൽ ഫീച്ചർ വിഭാഗത്തിലെ മികച്ച  സിനിമയായി ‘മ് (സൗണ്ട് ഓഫ് പെയിൻ )’ തിരഞ്ഞെടുക്കപ്പെട്ടു.  അവസാന റൗണ്ടിൽ അഞ്ച് വിദേശ ചിത്രങ്ങളെ പിന്തള്ളിയാണ് ഈ ഇന്ത്യൻ ചിത്രം വിജയം കൈവരിച്ചത്. മൂന്ന് ദിവസങ്ങൾക്ക് മുൻപ് ‘നവാഡ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ’  ‘ബെസ്റ്റ് ജൂറി അവാർഡും ‘ ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം ‘ലിഫ്റ്റ് ഓഫ് ഓൺലൈൻ സെഷൻസി’ ലേയ്ക്കും പോയവാരം ഈ ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 

കുറുമ്പ ഭാഷയിലുള്ള ഇന്ത്യയിൽനിന്നുള്ള  ആദ്യസിനിമ കൂടിയാണ്  ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് നിർമ്മിച്ച്  വിജീഷ് മണി സംവിധാനം ചെയ്‍ത ഈ ചിത്രം.  ചിത്രത്തിലെ നായക കഥാപാത്രമായ ആദിവാസി യുവാവിനെ അവതരിപ്പിക്കുന്നത് ഫുട്ബോൾ താരം ഐ എം വിജയനാണ്.
 
തേൻ ശേഖരണം ഉപജീവനമാർഗ്ഗമാക്കിയ  കുറുമ്പ ഗോത്രത്തിൽപ്പെട്ട ഒരു ആദിവാസി കുടുംബനാഥന്  പാരിസ്ഥിതിക പ്രശ്‍നങ്ങൾ മൂലം  വനത്തിൽ  തേനിന് ദൗർലഭ്യമുണ്ടാകുന്നതിനെ തുടർന്നുള്ള  പ്രതിസന്ധികളാണ് സിനിമയുടെ പ്രമേയം. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‍നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുക കൂടി ചെയ്യുന്ന ഒരു സിനിമയാണ്  ‘മ്..’.  

വിജീഷ് മണിയാണ് സിനിമയുടെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ സംഗീതപ്രതിഭ എഡോൺ മേള, നാടൻ പാട്ടുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നഞ്ചമ്മ എന്നിവർ ചിത്രത്തിനുവേണ്ടി വരികൾ എഴുതുകയും പാടുകയും ചെയ്‍തിട്ടുണ്ട്.

ജുബൈർ മുഹമ്മദ്‌ ആണ് ചിത്രത്തിന്റെ  സംഗീതസംവിധായകൻ.  പ്രകാശ് വാടിക്കൽ തിരക്കഥയും ദേശീയ അവാർഡ് ജേതാവ് ബി ലെനിൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ക്യാമറ ആർ മോഹൻ, പശ്ചാത്തലസംഗീതം ശ്രീകാന്ത് ദേവ. വിയാൻ മംഗലശ്ശേരിയാണ് ചിത്രത്തിന്റെ പ്രോജക്ട് കോഡിനേറ്റർ.

By Divya