കാസർകോട്:
മഞ്ചേശ്വരത്ത് പത്രിക പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർത്ഥി കെ സുന്ദരക്ക് രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയത് മൂന്നു ദൂതന്മാർ വഴി. ബിജെപി സംസ്ഥാന പ്രസിഡൻറും സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനു വേണ്ടി സുരേഷ് നായിക്, അശോക് ഷെട്ടി, സുനിൽ നായിക് എന്നിവരാണ് പണം കൈമാറിയത്.
തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം നൽകിയാണ് പത്രിക പിൻവലിപ്പിച്ചതെന്നും കെ സുന്ദര അന്വേഷണ സംഘത്തിന് മൊഴി നൽകി. കൊടകര കുഴൽപ്പണകേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാൾ കൂടിയാണ് പണം നൽകിയ സംഘത്തിലെ സുനിൽ നായിക്. ഇതോടെ, കുഴൽപ്പണകേസിലെ മഞ്ചേശ്വരം ബന്ധം കൂടുതൽ വ്യക്തമാകുകയാണ്.
കഴിഞ്ഞതവണത്തേതുപോലെ ഇത്തവണയും പത്രിക നൽകിയതോടെ ഒട്ടേറെ പേർ വിളിച്ചു പലതും വാഗ്ദാനം ചെയ്തതായി ഇദ്ദേഹം മൊഴി നൽകി. 15 ലക്ഷം രൂപയാണ് പത്രിക പിൻവലിക്കാൻ താൻ ആവശ്യപ്പെട്ടതെങ്കിലും സമ്മതിച്ചില്ല. പിന്നീട് ഒരു സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭീഷണി ഭയന്നാണ് രണ്ടരലക്ഷം രൂപ വാങ്ങി പത്രിക പിൻവലിച്ചത്. സ്വന്തം നിലക്ക് പത്രിക പിൻവലിച്ചതായി മാധ്യമങ്ങളോട് പറയാൻ സംഘം നിർദേശിച്ചതായും അദ്ദേഹം മൊഴി നൽകി.