Mon. Dec 23rd, 2024
ന്യൂഡൽഹി:

ഡൽഹി മെട്രോ ഇന്ന് മുതൽ സർവീസ് പുനരാരംഭിക്കും. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ച് തുടങ്ങിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് മെട്രോ സർവീസും പുനരാരംഭിക്കുന്നത്.

ഏപ്രിൽ 19ന് ഡൽഹിയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മെട്രോ സർവീസ് മെയ് 10 വരെ തുടർന്നിരുന്നു. മെയ് 10നാണ് മെട്രോ സർവീസ് നിർത്തിയത്. ആകെ ട്രെയിനുകളിൽ പകുതി എണ്ണം മാത്രമേ ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കൂ.

50 ശതമാനം ആളുകളെ മാത്രമേ ട്രെയിനുകളിൽ അനുവദിക്കൂ. സ്മാർട്ട് കാർഡുകളും ടോക്കണുകളും ഉപയോഗിച്ച് യാത്ര ചെയ്യാം. വരും ദിവസങ്ങളിൽ ട്രെയിൻ്റെ എണ്ണം വർധിപ്പിക്കും. നിന്ന് യാത്ര അനുവദിക്കില്ല.

അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14, 460 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2677 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 2.88 കോടിയായി. 3.46 ലക്ഷമാണ് ആകെ മരണസംഖ്യ. 14.77 ലക്ഷം ആക്ടീവ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 1.89 ലക്ഷം പേർ രോ​ഗമുക്തി നേടി.

ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ 13,659 പേർക്കാണ് പുതുതായി രോ​ഗബാധ റിപ്പോർട്ട് ചെയ്തത്. 95.01 ശതമാനമാണ് രാജ്യത്തെ രോ​ഗമുക്തി നിരക്ക്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കർണാടകം, കേരളം, തമിഴ്നാട് , ആന്ധ്രാ പ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രോ​ഗബാധ ഏറ്റവും കൂടുതൽ.

By Divya