Fri. Nov 22nd, 2024
ന്യൂഡല്‍ഹി:

കുട്ടികളില്‍ കൊവാക്‌സിന്‍ ഫലപ്രദമാണോ എന്നറിയുന്നതിനുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങി ദല്‍ഹി എയിംസ്. പട്‌നയിലെ എയിംസില്‍ സമാനമായ ക്ലിനിക്കല്‍ ട്രയലുകള്‍ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വയസിനും 18 വയസിനുമിടയിലുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണോയെന്നും സുരക്ഷിതമായി കുത്തിവെയ്പ്പു നടത്താന്‍ സാധിക്കുമോയെന്നും അറിയുന്നതിനുള്ള പരീക്ഷണങ്ങളാണു നടക്കാന്‍ പോകുന്നത്.

മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണു കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണോയെന്ന് അറിയുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചത്. കൊവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തോളം തന്നെ ശക്തമായിരിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചിരുന്നു.

പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്തില്ലെങ്കില്‍ മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്കിടയിലായിരിക്കും രോഗം പ്രധാനമായും പടര്‍ന്നുപിടിക്കുകയെന്നും ഇവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ള കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക് വി എന്നിവ കുട്ടികളില്‍ കുത്തിവെയ്ക്കാനുള്ള അനുമതി നേടിയിട്ടില്ല.

രണ്ടിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളില്‍ കൊവിഡ് വാക്‌സിന്റെ രണ്ട് – മൂന്ന് ഘട്ടങ്ങളുടെ പരിശോധന നടത്തുമെന്നു നീതി ആയോഗ് അംഗമായ ഡോ വികെ പോള്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മെയ് 13നാണ് പരീക്ഷണങ്ങള്‍ ആരംഭിക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയത്.

നിലവില്‍ ചില രാജ്യങ്ങളില്‍ മാത്രമാണ് കുട്ടികളില്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് നടത്തുന്നത്. അമേരിക്കയും കാനഡയും ഫൈസര്‍ വാക്‌സിന്‍ ചില പ്രായത്തിലുള്ള കുട്ടികള്‍ക്കിടയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ കുട്ടികളില്‍ സിനോവാകിന്റെ കൊറോണവാക് എന്ന വാക്‌സിന്‍ ഉപയോഗിക്കാനാകുമെന്നാണു ചൈനയുടെ തീരുമാനം.

By Divya