Sat. Apr 20th, 2024
കോഴിക്കോട്:

ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടു വന്ന നിയമങ്ങള്‍ ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതായും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത് ഷായ്ക്ക് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം പറഞ്ഞതെന്ന് കാന്തപുരം പറഞ്ഞു.

കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസര്‍ക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും സര്‍ക്കാര്‍ നില്‍ക്കുകയെന്നും ആശങ്കകള്‍ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു,’ കാന്തപുരം ഫേസ്ബുക്കിലെഴുതി.

അതേസമയം, ദ്വീപ് വാസികള്‍ ഇപ്പോഴും അനുഭവിക്കുന്ന കടുത്ത ആശങ്കളെ പറ്റി അമിത് ഷായോട് സംസാരിച്ചു. ദ്വീപ് വാസികള്‍ക്ക് മേല്‍ കഴിഞ്ഞ ആറു മാസങ്ങളില്‍ ചുമത്തിയ നിയമങ്ങള്‍ ഒഴിവാക്കണമെന്നും അവരുടെ തനത് ജീവിത സംസ്‌കാരങ്ങള്‍ തുടരാന്‍ പ്രോത്സാഹനകരമായ നിലപാടുകളാണ് സര്‍ക്കാര്‍ എടുക്കേണ്ടതെന്നും ആഭ്യന്തര മന്ത്രിയോട് വിശദീകരിച്ചു.

ജനഹിതത്തിനു വിരുദ്ധമായി നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങള്‍ റദ്ദാക്കി ഉത്തരവ് വന്നാലേ ജനങ്ങള്‍ ആശങ്കകളില്‍ നിന്ന് മുക്തരാകുകുകയുള്ളൂ എന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

By Divya