കൊച്ചി:
പുതിയ കോച്ചിനു വേണ്ടിയുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പിന് വിരാമം. സെർബിയൻ ഇവാൻ വുകോമാനോവിച്ചുമായാണ് ക്ലബ് രണ്ടു വർഷത്തെ കരാറിലെത്തിയത്. ബൽജിയൻ വമ്പന്മാരായ സ്റ്റാൻഡേർഡ് ലീഗെയുടെ ഹെഡ് കോച്ചായിരുന്നു ഇവാൻ. കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് ക്ലബ് വിട്ട കിബു വിക്കുനയ്ക്ക് പകരമായാണ് ഇദ്ദേഹത്തിന്റെ നിയമനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
43കാരനായ ഇവാൻ കോച്ചിങ് കരിയർ ആരംഭിക്കുന്നത് ബൽജിയൻ പ്രോ ലീഗ് ക്ലബ് സ്റ്റാൻഡേഡ് ലിഗെയ്‌ക്കൊപ്പമാണ്. അസിസ്റ്റന്റ് കോച്ചായി ആയിരുന്നു തുടക്കം. ഇക്കാലയളവിൽ യൂറോപ്പ ലീഗ് കളിച്ചിട്ടുണ്ട് ലിഗെ. 2014 ഒക്ടോബറിൽ ഹെഡ് കോച്ചായി. 2015 ഫെബ്രുവരി വരെ 19 മത്സരങ്ങളിൽ ക്ലബിനെ പരിശീലിപ്പിച്ചു.
2016ൽ സ്ലോവാക് സൂപ്പർ ലീഗാ ക്ലബ് ആയ സ്ലോവാൻ ബ്രാറ്റിസ്ലാവയുടെ കോച്ചായി ചുമതലയേറ്റു. 2016-17 സീസണിൽ 34 കളികളിൽ നിന്ന് വെറും എട്ടു കളികൾ മാത്രമാണ് ടീം തോറ്റത്. ലീഗിൽ ക്ലബ് രണ്ടാമതെത്തുകയും ചെയ്തു. തോൽവിയേറ്റു വാങ്ങാതെ ക്ലബിനെ സ്ലോവാക് കപ്പ് ജേതാക്കളാക്കുകയും ചെയ്തു.
അടുത്ത സീസണിൽ 22 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രാണ് ടീം തോറ്റത്. 2017ൽ എഫ്‌സി സെനിക്കയുമായുള്ള മത്സരത്തിന് പിന്നാലെ ക്ലബുമായി വഴിപിരിഞ്ഞു.
രണ്ടു വർഷത്തിന് ശേഷം സൈപ്രസ് ടോപ് ഡിവിഷൻ ക്ലബായ അപ്പോളൻ ലിമാസ്സലിന്റെ കോച്ചായി. നാലു മത്സരങ്ങളിൽ മാത്രമേ ക്ലബിനെ പരിശീലിപ്പിച്ചുള്ളൂ. ആ ടീമിൽ ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരം ഫാക്കുണ്ടോ പെരേരയും ഉണ്ടായിരുന്നു.
2019 ഒക്ടോബർ മുതൽ ഇവാൻ ഒരു ക്ലബിനെയും പരിശീലിപ്പിക്കുന്നില്ല. കഴിഞ്ഞ ഏഴു വർഷത്തിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന പത്താമത്തെ വ്യക്തിയാണ് ഇവാൻ.