Fri. Apr 4th, 2025
ഇടുക്കി:

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് ജില്ല ഭരണകൂടം. തോട്ടം മേഖലയില്‍ ഉള്‍പ്പടെ പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

രാജമലയിലെ വിദ്യാര്‍ത്ഥികളുടെ ദുരിതത്തിന് പരിഹാരമായി. ഓണ്‍ലൈന്‍ പഠനത്തിനായി റേഞ്ച് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന രാജമലയിലെ വിദ്യാര്‍ത്ഥികളുടെ അവസ്ഥ 24 റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജമാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ ഇരുന്ന് പഠിക്കുന്നതിവശ്യമായ സൗകര്യം കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍ ഒരുക്കിയത്.

സ്വകാര്യ കമ്പനികള്‍ക്ക് ടവറുകളില്ലാത്ത 11 സ്ഥലങ്ങളില്‍ ബിഎസ്എന്‍എലിന്റെ ടവറുകള്‍ പങ്കുവയ്ക്കും. ജില്ലയിലെ ഓണ്‍ലൈന്‍ പഠന പ്രതിസന്ധി പരിഹരിക്കുന്നതിന് ബൃഹത് പദ്ധതി തയ്യാറാക്കിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

മൂന്നാറിലെ തോട്ടം മേഖലയില്‍ കെഡിഎച്ച്പി കമ്പനിയുടെ സമ്മതം ലഭിച്ചാല്‍ ജിയോ 14 ടവറുകള്‍ സ്ഥാപിക്കുംമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ അനുഭവിച്ചുവന്നിരുന്ന ബുദ്ധിമുട്ടുകള്‍ക്കാണ് പരിഹാരമാകുക. 2000തിലധികം വിദ്യാര്‍ത്ഥികളാണ് ഇടുക്കിയില്‍ ഓണ്‍ലൈന്‍ പഠനത്തിനായി പ്രതിസന്ധി നേരിടുന്നത്.

By Divya