തിരുവനന്തപുരം:
കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴും പുതിയ നികുതി നിർദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ആദ്യ ബജറ്റ്. കൊവിഡ് പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നികുതി നിർദേശങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയത്.
വരുമാനം കുറഞ്ഞതും ചെലവ് കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ് കേരളം അനുഭവിക്കുന്നത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക് ശേഷം ചെലവ് ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.
കൊവിഡ്കാലത്ത് സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്. നികുതി നൽകി ജനങ്ങൾ സർക്കാറിനെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതിയുടെ പേരിൽ മഹാമാരികാലത്ത് വ്യാപാരികളെ ബുദ്ധിമുട്ടിക്കാനില്ലെന്നും ധനമന്ത്രി പറഞ്ഞു.