തിരുവനന്തപുരം:
രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് അവതരണം ധനമന്ത്രി കെ എൻ ബാലഗോപാൽ ആരംഭിച്ചു. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ചു.
ഒന്നാം പിണറായി സർക്കാരിന്‍റെ കാലഘട്ടത്തിൽ ഡോ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് സമഗ്രമായിരുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ആ ബജറ്റിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് തയാറാക്കുമ്പോൾ മുൻകൂട്ടി കാണാൻ കഴിയാതിരുന്ന ചില കാര്യങ്ങളാണ് പുതുക്കിയ ബജറ്റ് അവതരിപ്പിക്കാൻ കാരണം. കൊവിഡ് 19ന്‍റെ രണ്ടാംതരംഗത്തിന്‍റെ വ്യാപനവും മൂന്നാം തരംഗത്തിന്‍റെ ആശങ്കയുമാണ്. ഈ പ്രതിസന്ധി വികസന കാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തി.
മഹാമാരിയെ ചെറുത്തുതോൽപ്പിക്കുകയെന്നത് വികസനത്തിന്‍റെ മുൻ ഉപാധിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ രണ്ടാം തരംഗത്തിന്‍റെ ആഘാതം കുറക്കുകയും മൂന്നാം തരംഗം ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അതിലൂടെ മാത്രമേ സമ്പദ്ഘടന വീണ്ടെടുക്കാനാകൂ. എല്ലാത്തിനും മുമ്പേ ആരോഗ്യം അഥവാ ഒന്നാമത് ആരോഗ്യം എന്ന ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.