തിരുവനന്തപുരം:
ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തുമെന്ന് പ്രഖ്യാപിച്ച 8,900 കോടിയുടെ വിനിയോഗത്തെ പറ്റിയുള്ള ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരാമർശത്തിൽ ആശയക്കുഴപ്പം. ബജറ്റ് പ്രഖ്യാപനത്തെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷം നിയമസഭയിലെ പ്രസംഗം പുറത്ത് ഭേദഗതി ചെയ്തുവെന്ന് അതേ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
മഹാമാരി ജീവിതം തകർത്തവരുടെ കൈകളിലേക്ക് നേരിട്ട് പണമെത്തിക്കുന്നതിന് ബജറ്റിൽ 8900 കോടി രൂപ പ്രഖ്യാപിച്ച ധനമന്ത്രി അതിന്റെ വിനിയോഗത്തെപ്പറ്റി വാർത്താസമ്മേനത്തിൽ നൽകിയ വിശദീകരണം വെട്ടിലാക്കി. ബജറ്റ് വ്യാഖ്യാനം കേൾക്കാതെ പ്രസംഗം മാത്രം കേട്ടെത്തിയ പ്രതിപക്ഷനേതാവ് ആദ്യം പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
എന്നാൽ 8900 കോടി രൂപ ജനങ്ങളിലേക്ക‌് എത്തുക ഏകദേശം 1100 കോടി ക്ഷേമപെൻഷന്‍, 3000 കോടി തൊഴിലുറപ്പ‌് എന്നിങ്ങനെയെന്ന് മനസിലാക്കിയ വി ഡി സതീശൻ അതേ വാർത്താസമ്മേളനത്തിൽ തന്നെ ധനമന്ത്രിക്കെതിരെ തിരിഞ്ഞു.
സൗജന്യ കൊവിഡ് വാക്സീന് വേണ്ടി ആയിരം കോടിയാണ് പ്ലാൻ ഫണ്ട് പ്രഖ്യാപിച്ചത്. എന്നാൽ ആയിരം കോടിക്ക് വാക്സിനേഷൻ പൂർത്തിയാകുമോ എന്നു ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിനിയിലേക്ക് വന്ന തുകയും ഉപയോഗിക്കാം എന്ന പരാമർശം ആശയകുഴപ്പത്തിനിടയാക്കി. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ലഭിക്കുന്ന സഹായം പ്ലാൻ ഫണ്ടിലേക്ക് വരുമോ എന്ന സംശയമാണ് ഉയർന്നിരിക്കുന്നത്.