Mon. Dec 23rd, 2024
തിരുവനന്തപുരം:

പ്രവാസിക്ഷേമം ഉറപ്പുവരുത്താൻ കൂടുതൽ തുക നീക്കിവച്ച് രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ്. പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികൾക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തി. തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ അനുവദിക്കും. പലിശ ഇളവ് നൽകുന്നതിന് 25 കോടി രൂപ നീക്കിവെക്കുമെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം ഇതുവരെ 14,32,736 പ്രവാസികൾ തിരികെയെത്തി. ഇതിൽ മിക്കവർക്കും തൊഴിൽ നഷ്ടപ്പെട്ട അവസ്ഥയാണുള്ളത്. ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ പ്രാപ്തരാക്കാനുമുള്ള പദ്ധതിയാണ് നോർക്ക സെൽഫ് എംപ്ലോയ്മെന്റ് സ്കീം.

പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശയ്ക്ക് 1000 കോടി രൂപ വായ്പ ലഭ്യമാക്കും. ഇതിന്റെ പലിശ ഇളവ് നല്കുന്നതിനായാണ് 25 കോടി രൂപ വകയിരുത്തിയിരിക്കുന്നത്.

By Divya