Wed. Nov 6th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.

കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നത് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിച്ചില്ല.

കേരളത്തില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ സഭയില്‍ സമ്മതിച്ചിരിക്കുകയാണ്. ഇത് കണ്ടെത്തിയിരിക്കുന്നത് എസ്എസ്‍കെ നടത്തിയ പ്രാഥമിക പഠനത്തിലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

ജനകീയമായ കൂട്ടായ്മയിലൂടെ ആണ് ഇത് പരിഹരിച്ചുകൊണ്ടുവന്നത്. പിടിഐയും സന്നദ്ധസംഘടനകളും ഉള്‍പ്പെടുന്ന കമ്മിറ്റികള്‍ രൂപീകരിച്ചുകൊണ്ട് പ്രാദേശികമായി ഇതിന് പരിഹാരം കാണാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. ആ രീതിയില്‍ സ്കൂള്‍തലത്തിലും പ്രാദേശിക തലത്തിലും ഇടപെട്ട് പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ട് പരിഹാരം കാണുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ഡിജിറ്റല്‍ വിദ്യാഭ്യാസം കൈറ്റ്- വിക്ടേഴ്സ് ചാനല്‍ വഴി നല്‍കുന്നുണ്ട്. രണ്ടാഴ്ചത്തെ റിവിഷന് ശേഷം അത് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറുകയുള്ളൂ. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. അത് പരിഹരിക്കാനും കൂട്ടായ പരിശ്രമം ഉണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.

By Divya