Mon. Dec 23rd, 2024
കോട്ടയം:

യുഡിഎഫിലെ നിരവധി നേതാക്കൾ കേരളാ കോൺഗ്രസ് എമ്മിലേക്ക് വരാൻ താത്പര്യം അറിയിച്ചതായി ജോസ് കെ മാണി. ജനപിന്തുണയുള്ള നേതാക്കളാണ് തന്നെ നേരിട്ട് സമീപിച്ചതെന്നും ഇക്കാര്യത്തിൽ നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നേതാക്കളുടെ പേരുകൾ വെളിപ്പെടുത്താൽ ജോസ് കെ മാണി തയ്യാറായിട്ടില്ല.

ജോസ് കെ മാണിയെ മുൻനിർത്തി കോട്ടയത്തടക്കമുള്ള നേതാക്കളെ എൽഡിഎഫിലെത്തിക്കാൻ സിപിഎം ശ്രമം നടത്തുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും നേതാക്കളെയും അണികളെയും കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിനിടെയാണ് ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച ജോസ് കെ മാണി, അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അറിയിച്ചു. നിലവിൽ പാർട്ടി ചുമതല വഹിക്കാനാണ് താത്പര്യമെന്നും മറ്റെല്ലാം വാർത്തസൃഷ്ടിയാണെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

നേരത്തെ പാർട്ടിയെ ഒറ്റ മന്ത്രി സ്ഥാനത്തിൽ ഒതുക്കിയെങ്കിലും വലിയ എതിർപ്പുകൾ ജോസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല. ഇതോടെ ജോസ് കെ മാണിക്ക് ഏതെങ്കിലും സുപ്രധാന സ്ഥാനം നൽകിയേക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

By Divya