കോട്ടയം:
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായേക്കും. ഈ പദവി ലഭിച്ചില്ലെങ്കിൽ കാർഷിക കമ്മിഷൻ രൂപീകരിച്ച് ചെയർമാൻ സ്ഥാനം നൽകാനും ആലോചനയുണ്ട്. കാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും.
കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ പരാജയപ്പെട്ട ജോസിന് കാബിനറ്റ് റാങ്കുള്ള പദവി നൽകാമെന്നു സിപിഎം ഉറപ്പു നൽകിയിരുന്നു.
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നു ഇതിനു മുൻപ് ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ. വിഎസിനു വേണ്ടിയാണ് ഈ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയത്. കാബിനറ്റ് റാങ്കുള്ള രണ്ടാമത്തെ പദവി മുന്നാക്ക സമുദായ ക്ഷേമ കോർപറേഷനാണ്.
ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം ഫലത്തിൽ മന്ത്രിസ്ഥാനത്തിനു തുല്യമാണ്. മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്താൽ മതി. ഒരു വകുപ്പിന്റെയും കീഴിലല്ല. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് ഈ സ്ഥാനം നൽകാനായിരുന്നു സിപിഎം തീരുമാനം. പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കു നൽകാവുന്ന പദവി കയ്യൊഴിയാൻ സിപിഎമ്മിനു മടിയുണ്ട്. പുതിയ കാർഷിക കമ്മിഷൻ രൂപീകരിക്കുന്നതു വിവാദത്തിന് ഇടയാക്കുമോയെന്നു സിപിഎമ്മിന് ആശങ്കയുമുണ്ട്.
കാർഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അധ്യക്ഷന് കാബിനറ്റ് റാങ്കില്ല. മാത്രമല്ല സിപിഐയുടെ പക്കലുള്ള കൃഷിവകുപ്പിനു കീഴിലുമാണ്.