Mon. Dec 23rd, 2024
തിരുവനന്തപുരം:

പരിസ്ഥിതി ദിനത്തില്‍ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യ സദസ് സംഘടിപ്പിക്കാനുമൊരുങ്ങി ഭരണ ഘടനാ സംരക്ഷണ സമിതി. അന്താരാഷ്ട്ര പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വീട്ടുമുറ്റ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാനും ജൂണ്‍ പത്തിന്, കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷസമരം നടത്താനും ഭരണഘടനാ സംരക്ഷണ സമിതിയുടെ യോഗം തീരുമാനിച്ചു.

വീട്ടുമുറ്റ ഐക്യദാര്‍ഢ്യസദസ്സുകള്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചു എല്ലാ വീടുകളിലും നടത്തണം. വൈകീട്ട് 5 മണി മുതല്‍ 5.30 വരെയായിരിക്കും സദസ് നടക്കുക. ‘ഞങ്ങള്‍ ലക്ഷദ്വീപിനൊപ്പം’ എന്ന പ്ലക്കാര്‍ഡുകള്‍ പിടിച്ച് ഫോട്ടോകള്‍ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ലക്ഷദ്വീപ് പ്രശ്‌നത്തെ സംബന്ധിച്ച് ദേശീയതലത്തില്‍ ശ്രദ്ധേയരായ എഴുത്തുകാരെയും ഭരണഘടനാ വിദഗ്ദ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് വെബിനാര്‍ പരമ്പരകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ലക്ഷദ്വീപിന്റെ പ്രകൃതിയെയും ജനങ്ങളുടെ ഉപജീവനോപാധികളെയും
സംസ്‌കാരത്തെയും തകര്‍ക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഫാസിസ്റ്റധികാരപ്രയോഗങ്ങള്‍ക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന അതിജീവന പോരാട്ടങ്ങള്‍ക്കൊപ്പം എല്ലാവരും നില്‍ക്കണമെന്നും യോഗത്തില്‍ പറഞ്ഞു.

By Divya